സോളർ കേസിൽ യുഡിഎഫിന്റേത് അവസരവാദ നിലപാട്: എം.വി ഗോവിന്ദൻ

 

സോളാർ കേസിൽ അന്വേഷണം വേണ്ടെന്ന യു.ഡി.എഫ് സമീപനം അസരവാദമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സോളാറിൽ പുതിയ വിവരങ്ങൾ പുറത്തു വരുന്നുണ്ട്. ഇതിൽ അന്വേഷണം നടത്തിയാൽ യു.ഡി.എഫിലെ വൈരുദ്ധ്യങ്ങൾ പുറത്തുവരുമെന്ന് അവർക്കറിയാം. ഇടതു പക്ഷത്തിനെതിരായ ഈ ശ്രമം കോൺഗ്രസിനെ തിരിഞ്ഞു കുത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.

"അന്വേഷണം വന്നാൽ ആഭ്യന്തര കലാപം ഉണ്ടാകുമോയെന്ന് യുഡിഎഫിന് ഭയമുണ്ട്. അതുകൊണ്ടാണ് അന്വേഷണം വേണമെന്നു പറഞ്ഞവർ ഇപ്പോൾ അന്വേഷണം വേണ്ട എന്ന് പറയുന്നത്. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ശ്രമിച്ചവരുടെ വിവരങ്ങൾ എല്ലാം പൊതുജനമധ്യത്തിൽ തെളിഞ്ഞു. അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി നടത്തിയ ഇടപെടലുകളും പുറത്തുവന്നു."

"കോൺഗ്രസ് നേതാക്കൾ തന്നെ വാർത്താസമ്മേളനങ്ങൾ നടത്തി വ്യത്യസ്ത കാര്യങ്ങൾ പറയുകയാണ്. സോളാർ കേസ് നടക്കുമ്പോൾ എല്ലാം അന്വേഷണവും നിയന്ത്രിച്ചത് യു.ഡി.എഫ് നേതാക്കളായിരുന്നു.  സോളർ കേസിൽ പരാതിക്കാരി എഴുതിയ കത്ത് പുറത്തുവന്നതിൽ സിപിഎമ്മിന് പങ്കില്ല. കത്ത് പുറത്തുവന്നാലും ഇല്ലെങ്കിലും ഞങ്ങൾക്ക് ഗുണമാണ്. സോളാർ കേസിൽ സിപിഎം ഉന്നയിക്കേണ്ട കാര്യം വളരെ ശക്തമായി ഉന്നിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ജുഡീഷ്യൽ അന്വേഷണം വച്ചത്"- എം.വി ഗോവിന്ദൻ വ്യക്തമാക്കി.