അത്തം പിറന്നു; തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഇന്ന്

 

ഓണനാളുകൾക്ക് തുടക്കമിട്ട് തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഇന്ന് നടക്കും. തൃപ്പൂണിത്തുറ ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനിയില്‍ രാവിലെ 9-ന് അത്താഘോഷ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം വി.ഡി. സതീശൻ നിര്‍വഹിക്കും. ചലച്ചിത്ര താരം മനോജ് കെ. ജയന്‍ ഘോഷയാത്ര ഫ്‌ലാഗ് ഓഫ് ചെയ്യും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി രണ്ടായിരത്തോളം കലാകാരന്മാരാണ് ഘോഷയാത്രയില്‍ അണിനിരക്കുന്നത്.

അവധി ദിവസമായതിനാൽ അനുഭവപ്പെടാനിടയുള്ള ജനത്തിരക്ക് കണക്കിലെടുത്ത് നഗരത്തിൽ വിപുലമായ സുരക്ഷാ സംവിധാനങ്ങളും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. കാണികൾക്കായി കുടിവെള്ളം, സൗജന്യ പാർക്കിങ്, വൈദ്യസഹായം, ശൗചാലയങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്. തൃപ്പൂണിത്തുറ സംസ്‌കൃത കോളേജ് ഗ്രൗണ്ട്, സംസ്‌കൃത സ്‌കൂള്‍ ഗ്രൗണ്ട്, ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍ ഗ്രൗണ്ട്, എന്‍.എസ്.എസ്. കോളജ് ഗ്രൗണ്ട്, കരിങ്ങാച്ചിറ ചര്‍ച്ച് ഗ്രൗണ്ട്, ശ്രീവെങ്കിടേശ്വര സ്‌കൂള്‍ ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് വാഹന പാർക്കിങ് സൗകര്യം. 500-ഓളം പൊലീസുകാരെയും വോളന്റിയർമാരെയും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്.