യൂണിവേഴ്സിറ്റി ഹോസ്റ്റൽ അതിക്രമം; അടിയന്തര നടപടി ആവശ്യപ്പെട്ട് പിണറായി വിജയൻ ആഭ്യന്തര മന്ത്രിക്ക് കത്തയച്ചു

 

പാളയം യൂണിവേഴ്സിറ്റി ഹോസ്റ്റലിലുണ്ടായ ആസൂത്രിത അക്രമസംഭവങ്ങളിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്തുനൽകി. അക്രമം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയും അധികാര ദുർവിനിയോഗം നടത്തിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെയും വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. ബോധപൂർവം സംഘർഷമുണ്ടാക്കാൻ ലക്ഷ്യമിട്ടാണ് യൂത്ത് കോൺഗ്രസ് ഹോസ്റ്റൽ പരിസരത്തുനിന്ന് മാർച്ച് നടത്തിയത്.

വാർഡന്റെ അനുമതിയില്ലാതെ ഹോസ്റ്റൽ ഗേറ്റ് തകർത്ത് അകത്തുകയറിയ പോലീസ്, എസ്.എഫ്.ഐ പ്രവർത്തകരെ മൃഗീയമായി മർദിച്ചെന്നും പരിക്കേറ്റവരെ കൊണ്ടുപോയ ആംബുലൻസ് അക്രമികൾ തടഞ്ഞുവെച്ചിട്ടും പോലീസ് കാഴ്ചക്കാരായി നിന്നെന്നും പിണറായി കുറ്റപ്പെടുത്തി. പൊതുമുതൽ നശിപ്പിച്ച യൂത്ത് കോൺഗ്രസുകാർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്താതിരുന്ന പോലീസ്, സി.പി.എം നേതാക്കൾക്കെതിരെ കേസ് എടുത്തതിൽ ഇരട്ടനീതിയുണ്ട്. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ കന്റോൺമെന്റ് എസ്.ഐയുടെ നടപടി പോലീസ് ആക്ടിന്റെ നഗ്നമായ ലംഘനമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.