യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പ്; കാലിക്കറ്റില്‍ യുഡിഎസ്എഫ്, കണ്ണൂരില്‍ എസ്എഫ്‌ഐ

 

കാലിക്കറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ യു.ഡി.എസ്.എഫിന് മികച്ച വിജയം. ചെയർപേഴ്‌സൺ, വൈസ് ചെയർപേഴ്‌സൺ, ലേഡി വൈസ് ചെയർപേഴ്‌സൺ, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നീ പ്രധാന തസ്തികകളെല്ലാം യു.ഡി.എസ്.എഫ് നിലനിർത്തി. കോഴിക്കോട്, മലപ്പുറം ജില്ലാ എക്‌സിക്യൂട്ടീവ് സീറ്റുകളിലും മുന്നണി വിജയം കണ്ടു. ഇത് തുടർച്ചയായ മൂന്നാം തവണയാണ് കാലിക്കറ്റിൽ യു.ഡി.എസ്.എഫ് വിജയം ആവർത്തിക്കുന്നത്. അതേസമയം, പാലക്കാട്, തൃശൂർ ജില്ലാ എക്‌സിക്യൂട്ടീവ് സീറ്റുകൾ എസ്.എഫ്.ഐ നിലനിർത്തി.

കണ്ണൂർ സർവകലാശാല യൂണിയനിൽ വിജയം കൈവരിച്ച് എസ്.എഫ്.ഐ സ്വാധീനം ഉറപ്പിച്ചു. തുടർച്ചയായ 27-ാം വർഷമാണ് ഇവിടെ എസ്.എഫ്.ഐ യൂണിയൻ പിടിക്കുന്നത്. കണ്ണൂരിൽ മത്സരിച്ച മുഴുവൻ സീറ്റുകളിലും ജയിച്ച എസ്.എഫ്.ഐ, കാസർകോട് ജില്ലാ എക്‌സിക്യൂട്ടീവ് യു.ഡി.എസ്.എഫിൽ നിന്ന് പിടിച്ചെടുത്തു. വയനാട് എക്‌സിക്യൂട്ടീവിലേക്ക് യു.ഡി.എസ്.എഫ് സ്ഥാനാർത്ഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ക്യാമ്പസിൽ എസ്.എഫ്.ഐ-യു.ഡി.എസ്.എഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. തുടർന്ന് പോലീസ് ഇടപെട്ട് ലാത്തിവീശി പ്രവർത്തകരെ ക്യാമ്പസിൽ നിന്ന് നീക്കി.