ഉന്നാവോ ബലാത്സംഗ കേസ്: കുൽദീപ് സിങ് സെൻഗാറിന്റെ ശിക്ഷ മരവിപ്പിച്ചു, ജാമ്യം

 

ഉന്നാവോ ബലാത്സംഗ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മുൻ ബിജെപി നേതാവ് കുൽദീപ് സിങ് സെൻഗാറിന്റെ ശിക്ഷ ഡൽഹി ഹൈക്കോടതി സസ്പെൻഡ് ചെയ്തു. വിചാരണക്കോടതി വിധിക്കെതിരെ സെൻഗാർ നൽകിയ അപ്പീലിൽ അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെയാണ് കോടതി ശിക്ഷ മരവിപ്പിച്ചത്. ജസ്റ്റിസുമാരായ സുബ്രഹ്മണ്യം പ്രസാദ്, ഹരീഷ് വൈദ്യനാഥൻ എന്നിവരടങ്ങുന്ന ബെഞ്ച് സെൻഗാറിന് ജാമ്യം അനുവദിച്ചു. 15 ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടും തുല്യ തുകയ്ക്കുള്ള മൂന്ന് ആൾ ജാമ്യവുമാണ് കോടതി നിർദ്ദേശിച്ചിട്ടുള്ളത്.

കർശനമായ നിബന്ധനകളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ഇരയുടെ വീടിന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ പ്രവേശിക്കരുത്, പെൺകുട്ടിയെയോ അമ്മയെയോ ഭീഷണിപ്പെടുത്തരുത് തുടങ്ങിയ വ്യവസ്ഥകൾ ലംഘിച്ചാൽ ജാമ്യം റദ്ദാക്കുമെന്ന് കോടതി വ്യക്തമാക്കി. 2017-ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിലാണ് സെൻഗാർ ശിക്ഷിക്കപ്പെട്ടത്. പെൺകുട്ടിയുടെ പിതാവിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ 10 വർഷത്തെ തടവുശിക്ഷയ്ക്കെതിരെ സെൻഗാർ സമർപ്പിച്ച അപ്പീലും നിലവിൽ കോടതിയുടെ പരിഗണനയിലാണ്.

2017 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരാതിയുമായി മുന്നോട്ട് പോയ കുടുംബത്തെ ഭീഷണിപ്പെടുത്തുകയും പെൺകുട്ടിയുടെ പിതാവിനെ കള്ളക്കേസിൽ കുടുക്കി ജയിലിലടയ്ക്കുകയും ചെയ്തിരുന്നു. അദ്ദേഹം പിന്നീട് പോലീസ് കസ്റ്റഡിയിൽ വെച്ച് മരിച്ചു. നീതി ആവശ്യപ്പെട്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിന് മുന്നിൽ പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് സംഭവം ദേശീയ ശ്രദ്ധയാകർഷിച്ചത്. തുടർന്ന് വിവാദമായതോടെ സെൻഗാറിനെ ബിജെപിയിൽ നിന്ന് പുറത്താക്കിയിരുന്നു.