ഊരാളുങ്കൽ ലേബർ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യു.എൽ.സി.സി.എസ്) ചെയർമാൻ രമേശൻ പാലേരി (65) അന്തരിച്ചു. അർബുദ ബാധിതനായി കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
1995-ലാണ് രമേശൻ പാലേരി സൊസൈറ്റിയുടെ ചെയർമാനായി ചുമതലയേൽക്കുന്നത്. കഴിഞ്ഞ 30 വർഷത്തിലധികമായി സൊസൈറ്റിയെ നയിച്ചുവരികയായിരുന്നു അദ്ദേഹം. സൊസൈറ്റിയുടെ രണ്ടാമത്തെ പ്രസിഡന്റായിരുന്ന പാലേരി ചന്തമ്മൻ അദ്ദേഹത്തിന്റെ മുത്തച്ഛനും 32 വർഷം സൊസൈറ്റിയെ നയിച്ച പാലേരി കണാരൻ പിതാവുമായിരുന്നു. നൂറ്റാണ്ടിന്റെ ചരിത്രമുള്ള സൊസൈറ്റിയെ 80 വർഷത്തോളം നയിച്ചത് ഈ കുടുംബത്തിലെ അംഗങ്ങളായിരുന്നു.
രമേശൻ പാലേരിയുടെ നേതൃത്വത്തിലാണ് കൂലിവേലക്കാരുടെ കൂട്ടായ്മയായി തുടങ്ങിയ സൊസൈറ്റി ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ലേബർ സൊസൈറ്റിയെന്ന പദവിയിലേക്ക് ഉയർന്നത്. യുണൈറ്റഡ് നേഷൻസ് ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ അംഗീകാരവും ഇന്റർനാഷണൽ കോ-ഓപ്പറേറ്റീവ് അലയൻസ് അംഗത്വവും ലഭിച്ചതും അദ്ദേഹത്തിന്റെ കാലയളവിലാണ്. 2023-ൽ സംസ്ഥാന സർക്കാരിന്റെ റോബർട്ട് ഓവൻ പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.