തിരുവോണത്തെ വരവേൽക്കാൻ ഉത്രാടം; അവസാനവട്ട ഒരുക്കങ്ങളിൽ മലയാളികൾ
തിരുവോണത്തിന്റെ വരവറിയിച്ച് ഇന്ന് ഉത്രാടം. ഓണം പടിവാതിൽക്കൽ എത്തിനിൽക്കെ ലോകമെമ്പാടുമുള്ള മലയാളികൾ അവസാനവട്ട ഒരുക്കങ്ങളിലാണ്. പൂക്കളവും പുതുവസ്ത്രങ്ങളും ഓണസദ്യയും ഊഞ്ഞാലാട്ടവുമെല്ലാം നിറഞ്ഞ തിരുവോണത്തെ വരവേൽക്കാൻ ഇനി മണിക്കൂറുകൾ മാത്രം.ഓണക്കോടിയും പലവ്യഞ്ജനങ്ങളും പൂക്കളുമെല്ലാം വാങ്ങാൻ കച്ചവട സ്ഥാപനങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
ഉത്രാട ദിനം മഹാബലി ചക്രവർത്തിയുടെ വരവിന്റെ തുടക്കമായാണ് വിശ്വാസം. തിരുവോണത്തിന് ഒരു ദിവസം മുമ്പ് മഹാബലി തന്റെ പ്രജകളെ സന്ദർശിക്കാൻ പാതാളത്തിൽ നിന്ന് പുറപ്പെടുമെന്നാണ് ഐതിഹ്യം. മഹാബലിയുടെ വരവ് ഐശ്വര്യത്തിന്റെയും സമാധാനത്തിന്റെയും തുടക്കമായാണ് മലയാളികൾ കണക്കാക്കുന്നത്.
ഉത്രാട നാളിൽ പൂക്കളത്തിന് കൂടുതൽ വലുപ്പവും ഭംഗിയും നൽകുന്ന പതിവുണ്ട്. ചില പ്രദേശങ്ങളിലെ ആചാരമനുസരിച്ച് ഉത്രാട ദിവസം ഒരുക്കുന്ന വലിയ പൂക്കളം തിരുവോണം വരെ നിലനിർത്തുകയും തിരുവോണ നാളിൽ അതിലേക്ക് തൃക്കാക്കരയപ്പനെ പ്രതിഷ്ഠിക്കുകയും ചെയ്യും.
പാരമ്പര്യ രീതിയിൽ ഒമ്പത് വരികളുള്ള പൂക്കളത്തിൽ തുളസി, തുമ്പപ്പൂ, ശംഖുപുഷ്പം, ജമന്തി, മുല്ല, വാടാമല്ലി, വെള്ള റോസ, പിച്ചകം, കാക്കപ്പൂവ് തുടങ്ങിയ പൂക്കൾ ഉപയോഗിക്കുന്ന രീതിയും ചിലയിടങ്ങളിൽ നിലനിൽക്കുന്നു. എന്നാൽ പ്രദേശങ്ങൾക്കനുസരിച്ച് പൂക്കളത്തിന്റെ രൂപത്തിലും ഉപയോഗിക്കുന്ന പൂക്കളിലും വ്യത്യാസങ്ങളുണ്ട്.