വി.എ അരുൺകുമാറിനെ ഐ.എച്ച്.ആർ.ഡി ഡയറക്ടർ സ്ഥാനത്തുനിന്ന് മാറ്റി; എം.വി രാജേഷ് പുതിയ ഡയറക്ടർ

 

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ. അരുൺകുമാറിനെ ഐ.എച്ച്.ആർ.ഡി (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്‌മെന്റ്) ഡയറക്ടർ ഇൻ ചാർജ് പദവിയിൽ നിന്ന് നീക്കി. പൂഞ്ഞാർ ഐ.എച്ച്.ആർ.ഡി എഞ്ചിനീയറിങ് കോളേജ് പ്രിൻസിപ്പലായ പ്രൊഫ. എം.വി. രാജേഷിനെ പുതിയ ഡയറക്ടറായി സർക്കാർ നിയമിച്ചു. ഐ.എച്ച്.ആർ.ഡിയിലെ തന്നെ പൂർവ്വവിദ്യാർത്ഥി കൂടിയാണ് പുതിയ ഡയറക്ടറായി ചുമതലയേൽക്കുന്ന എം.വി. രാജേഷ്.

ഏകദേശം മൂന്ന് വർഷം മുൻപാണ് വി.എ. അരുൺകുമാറിന് ഐ.എച്ച്.ആർ.ഡി ഡയറക്ടറുടെ താൽക്കാലിക ചുമതല സർക്കാർ നൽകുന്നത്. എന്നാൽ, അരുൺകുമാറിനെ ഈ പദവിയിലേക്ക് നിയമിച്ചതിനെതിരെയും യോഗ്യതകളെ ചോദ്യം ചെയ്തുകൊണ്ടും വലിയ രീതിയിലുള്ള ആക്ഷേപങ്ങൾ ഉയരുകയും നിരവധി പരാതികൾ കേരള ഹൈക്കോടതിയുടെ മുൻപിലെത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ സർക്കാർ പുതിയ ഡയറക്ടറെ നിയമിച്ചുകൊണ്ട് ഉത്തരവിറക്കിയിരിക്കുന്നത്.