വടകര 'കാഫിർ' സ്‌ക്രീൻഷോട്ട് കേസ്: ജിതിൻ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
വടകര കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായ DYFI നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. ഈ മാസം 27ലേക്കാണ് മാറ്റിയാത്.ചൊവ്വാഴ്ച വടകര ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജിതിൻ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.ജാമ്യം നൽകിയാൽ തെളിവ് നശിപ്പിക്കും എന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിക്കാതിരുന്നത്. തുടർന്നാണ് ജിതിൻ ഭാസ്‌ക്കർ കോഴിക്കോട് സെഷൻസ് കോടതിയെ സമീപിച്ചത്.വിശദമായ വാദം കേൾക്കാനാണ് കോഴിക്കോട് സെക്ഷൻസ് കോടതി അപേക്ഷ 27 ലേക്ക് മാറ്റിയത്.
സ്‌ക്രീൻഷോർട്ട് നിർമ്മിച്ചത് ജിതിൻ ഭാസ്‌കറിന്റെ ഫോണിൽ നിന്നാണ് എന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തൽ. ഈ തെളിവുകൾ നശിപ്പിക്കാൻ ഫോൺ, ഫാക്ടറി റീസെറ്റ് ചെയ്യുകയും വാട്സ്ആപ്പ് ഡാറ്റകൾ ഡിലീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ജില്ലാ ഫോറൻസിക് ലാബിന്റെ പരിശോധനയിൽ ഇക്കാര്യങ്ങൾ വ്യക്തമായെന്നും എസ് ഐ ടി സംഘം കോടതിയിൽ റിപ്പോർട്ട് നൽകി. പ്രതിയെ ജാമ്യത്തിൽ വിട്ടാൽ അവശേഷിക്കുന്ന തെളിവുകൾ കൂടി നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും പ്രതിയുടെ ഉന്നത രാഷ്ട്രീയ ബന്ധങ്ങളും അന്വേഷണ സംഘം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.