വടകര എംഡിഎംഎ കേസ്: രണ്ടാം പ്രതി കീർത്തനയ്ക്ക് പൊലീസ് സ്റ്റേഷനു മുന്നിൽ കുത്തേറ്റു
വടകര എംഡിഎംഎ കേസിലെ രണ്ടാം പ്രതിയും അധ്യാപികയുമായ കീർത്തനയ്ക്ക് കുത്തേറ്റു. ജാമ്യവ്യവസ്ഥയുടെ ഭാഗമായി വടകര പൊലീസ് സ്റ്റേഷനിൽ ഹാജരാകാനെത്തിയപ്പോഴാണ് സംഭവം. പങ്കാളി ജിനീഷാണ് പൊലീസ് സ്റ്റേഷനു മുന്നിൽവച്ച് കീർത്തനയെ കുത്തിയത്.
കഴുത്തിന് ഉൾപ്പെടെ അഞ്ചോളം കുത്തേറ്റ കീർത്തനയെ വടകര താലൂക്ക് ആശുപത്രിയിൽ എത്തിച്ച ശേഷം പരുക്കു ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ജിനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കേസിലെ മൂന്നാം പ്രതി കൊയിലാണ്ടി സ്വദേശിനി കെ. കാവ്യക്ക് കഴിഞ്ഞ ദിവസം ഹൈക്കോടതി ജാമ്യം നൽകിയിരുന്നു. ഇക്കഴിഞ്ഞ ജൂലൈ 25 മുതൽ കാവ്യ റിമാൻഡിലായിരുന്നു. കേസിൻ്റെ അന്വേഷണം ഏതാണ്ട് പൂർത്തിയായതായും തൊണ്ടിമുതലുകൾ കണ്ടെടുത്തിട്ടുണ്ടെന്നും വിലയിരുത്തിയാണ് കോടതി ജാമ്യം നൽകിയത്.
ഇക്കഴിഞ്ഞ ജൂൺ 28ന് പുലർച്ചെ രണ്ടു മണിയോടെ വടകരയിൽ വെച്ച് സഫ്വാൻ എന്നയാളിൽ നിന്ന് എംഡിഎംഎ പിടികൂടിയതോടെയാണ് കേസിൽ അധ്യാപികമാരുടെ പങ്ക് വെളിപ്പെട്ടത്. കീർത്തനയെയും കാവ്യയെയും കൂടാതെ മറ്റൊരു അധ്യാപികയായ വി.പി നീഷ്‌മ, ഇരിട്ടി സ്വദേശി ജിജിൽ കുര്യാക്കോസ് എന്നിവരും പിന്നാലെ അറസ്റ്റിലായിരുന്നു