ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാൻ മറിഞ്ഞ് അപകടം; കുട്ടിയടക്കം അഞ്ചുപേർക്ക് പരിക്ക്
Nov 26, 2026, 17:21 IST
ശബരിമല ദർശനം കഴിഞ്ഞ് മലപ്പുറം തിരൂരിലേക്ക് മടങ്ങുകയായിരുന്ന തീർത്ഥാടകർ സഞ്ചരിച്ച വാൻ നിയന്ത്രണം വിട്ട് മറിഞ്ഞ് കുട്ടിയടക്കം അഞ്ചുപേർക്ക് പരിക്കേറ്റു. പത്തനംതിട്ട പെരുന്നാട് വയറൻമരുതിയിൽ വൈകുന്നേരം 3.45 ഓടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട വാഹനം റോഡരികിലെ ബാരിക്കേഡ് ഇടിച്ചുതകർത്ത ശേഷം സമീപത്തെ എസ്.എൻ.ഡി.പി ശാഖാ കെട്ടിടത്തോട് ചേർന്നുള്ള ശുചിമുറിയുടെ മുകളിലേക്ക് മറിയുകയായിരുന്നു.
യാത്രയ്ക്കിടെ അല്പനേരം വിശ്രമിച്ച ശേഷം വാഹനം മുന്നോട്ടെടുത്ത് 200 മീറ്റർ പിന്നിട്ടപ്പോഴേക്കും ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായത്. അപകടസമയത്ത് ആകെ 16 പേരാണ് വാനിലുണ്ടായിരുന്നത്. കെട്ടിടത്തിനുള്ളിൽ ആരും ഇല്ലാതിരുന്നതിനാൽ വലിയൊരു ദുരന്തം ഒഴിവായി. പരിക്കേറ്റവരിൽ കുട്ടിയുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.