വഞ്ചിനാട് എക്‌സ്പ്രസിന് തിരുവനന്തപുരം പേട്ടയിൽ സ്റ്റോപ്പ്
തിരുവനന്തപുരം സെൻട്രൽ-എറണാകുളം ജങ്ഷൻ-തിരുവനന്തപുരം സെൻട്രൽ റൂട്ടിൽ സർവീസ് നടത്തുന്ന വഞ്ചിനാട് എക്‌സ്പ്രസിന് തിരുവനന്തപുരം പേട്ടയിൽ സ്റ്റോപ്പ് അനുവദിച്ചതായി കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു.
താത്കാലികമായി ആറുമാസത്തേക്കാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. യാത്രക്കാരുടെ എണ്ണം പരിഗണിച്ച് സ്റ്റോപ്പ് നിലനിർത്തുമെന്ന് ഉറപ്പ് ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ്
എം.പി ഈ വിവരം പങ്കുവെച്ചത്.
സ്ഥിരം യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് നടത്തിയ ഇടപെടലാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. റെയിൽവേ ഡിവിഷൻ തല യോഗത്തിൽ വിഷയം ഉന്നയിച്ചതിനെ തുടർന്നാണ് നടപടി ഉണ്ടായതെന്നും, വിഷയത്തിൽ ഇടപെടൽ തേടി കേരളത്തിലെ നിരവധി സ്ഥിരം ട്രെയിൻ യാത്രക്കാരും യാത്രക്കാരുടെ സംഘടനകളും എന്നെ സമീപിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു.പേട്ടയിൽ സ്റ്റോപ്പ് ലഭിച്ചതോടെ പ്രദേശത്തെ യാത്രക്കാർക്ക് വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു