മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ വന്ദേമാതരം ഒഴിവാക്കി; ദേശീയഗാനം മാത്രം ആലപിച്ചു

 

സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാനതല സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ നിന്ന് വന്ദേമാതരം ഒഴിവാക്കി. മുഖ്യമന്ത്രി വി.ഡി. സതീശൻ പതാകയുയർത്തിയ ചടങ്ങിൽ ദേശീയഗാനം മാത്രമാണ് ആലപിച്ചത്. വന്ദേമാതരം ആദ്യാവസാനം ആലപിക്കുന്നത് സംബന്ധിച്ച് വിവാദങ്ങൾ നിലനിൽക്കെയാണ് സർക്കാരിന്റെ ഈ നടപടി.

വന്ദേമാതരം ആലപിക്കുന്നതിൽ സർക്കാരിനും യു.ഡി.എഫിനും വ്യക്തമായ നിലപാടുണ്ടെന്ന് മുഖ്യമന്ത്രി മുൻപ് വ്യക്തമാക്കിയിരുന്നു. ഓഗസ്റ്റ് 15-ലെ ചടങ്ങുകളോടെ സർക്കാരിന്റെ നയം എന്തെന്ന് വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കേന്ദ്ര നിയമപ്രകാരം വന്ദേമാതരം പൂർണ്ണമായി ആലപിക്കണമെന്നും, വീഴ്ച വരുത്തിയാൽ തടവുശിക്ഷ വരെ നേരിടേണ്ടി വരുമെന്നും വ്യവസ്ഥയുണ്ട്. 'ഹർ ഘർ തിരംഗ' പ്രചാരണത്തിന്റെ ഭാഗമായി വന്ദേമാതരം പൂർണ്ണമായി ആലപിക്കണമെന്ന് കാണിച്ച് ചീഫ് സെക്രട്ടറി സർക്കുലർ ഇറക്കിയത് വലിയ രാഷ്ട്രീയ തർക്കങ്ങൾക്ക് വഴിതുറന്നിരുന്നു.