മുഖ്യമന്ത്രിയായി കൊച്ചിയിൽ മടങ്ങിയെത്തി വി.ഡി സതീശൻ; ആവേശോജ്ജ്വല സ്വീകരണം നൽകി പ്രവർത്തകർ
നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് കൊച്ചിയിൽ ഉജ്ജ്വല സ്വീകരണം. മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം തിരുവനന്തപുരത്തുനിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ മുദ്രാവാക്യങ്ങളുമായും ആർപ്പുവിളികളുമായും കോൺഗ്രസ്-യുഡിഎഫ് പ്രവർത്തകർ വരവേറ്റു. നിയുക്ത എംഎൽഎമാരും പ്രാദേശിക നേതാക്കളും വിമാനത്താവളത്തിൽ എത്തിയിരുന്നു. വൻ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ ഏറെ പ്രയത്നിച്ചാണ് അദ്ദേഹത്തെ വാഹനത്തിലേക്ക് എത്തിച്ചത്.
കൊച്ചിയിലെത്തിയ ഉടൻ മുതിർന്ന നേതാവ് വയലാർ രവിയെ സന്ദർശിച്ച സതീശൻ അനുഗ്രഹം തേടി. നിയുക്ത എംഎൽഎ ഉമാ തോമസ് ഉൾപ്പെടെയുള്ള നേതാക്കളും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. നാളെ രാവിലെ അദ്ദേഹം തിരുവനന്തപുരത്തേക്ക് മടങ്ങും. അതേസമയം, മന്ത്രിസഭാ രൂപീകരണ ചർച്ചകൾക്കായി എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ കേരളത്തിലെത്തിയിട്ടുണ്ട്. സണ്ണി ജോസഫ്, മാത്യു കുഴൽനാടൻ, പി.സി വിഷ്ണുനാഥ് തുടങ്ങി പ്രമുഖ നേതാക്കളുടെ നിര തന്നെ അദ്ദേഹത്തെ സ്വീകരിക്കാൻ എത്തിയിരുന്നു.
ഹൈക്കമാൻഡ് തീരുമാനം ശിരസാവഹിക്കുന്നുവെന്നും അച്ചടക്കമുള്ള പ്രവർത്തകനായി മുന്നോട്ട് പോകുമെന്നും കെ.സി വേണുഗോപാൽ വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്നെ പരിഗണിക്കാത്തതിൽ അനുയായികൾക്ക് വിഷമമുണ്ടെന്ന ചർച്ചകളോട് പ്രതികരിക്കവെ, പാർട്ടിയുടെ അന്തിമ തീരുമാനത്തിനൊപ്പം നിൽക്കുകയാണ് ഓരോ പ്രവർത്തകന്റെയും ഉത്തരവാദിത്തമെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസിൽ 'കെസി പക്ഷം' എന്നൊന്നില്ലെന്നും അർഹതയും മാനദണ്ഡങ്ങളും നോക്കി മികച്ച മന്ത്രിമാരെ പാർട്ടി തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.