വൻ ജനാവലി സാക്ഷിയായി വി.ഡി. സതീശൻ മന്ത്രിസഭ അധികാരത്തിൽ; 21 അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു

 

വി.ഡി. സതീശൻ നയിക്കുന്ന മന്ത്രിസഭയിലെ 21 അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ വൻ ജനക്കൂട്ടത്തിന്റെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ.മുഖ്യമന്ത്രിയും കുഞ്ഞാലിക്കുട്ടി അടക്കമുള്ളവർ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ സി.പി. ജോണും ഷിബു ബേബി ജോണും സഗൗരവമാണ് സത്യപ്രതിജ്ഞ ചെയ്തത്.ഘടകകക്ഷികൾ അടക്കം യുഡിഎഫിലെ മുഴുവൻ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രി ഉൾപ്പെടെ കോൺഗ്രസിന് 12 മന്ത്രിമാരും കേരള കോൺഗ്രസ്, ആർഎസ്പി, സിഎംപി, കേരള കോൺഗ്രസ് ജേക്കബ് എന്നീ കക്ഷികളിലായി ഓരോ മന്ത്രിമാരുമുണ്ട്. 

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിങ് സുഖു, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തുടങ്ങിയ രാഷ്ട്രീയനേതാക്കളും വിവിധ മതമേലധ്യക്ഷന്മാരും ചടങ്ങിൽ പങ്കെടുത്തു.