'വെജ്' അടുക്കളയിൽ മാത്രം; മാംസാഹാരം വിലക്കിയിട്ടില്ലെന്ന് വ്യക്തമാക്കി ലോക്ഭവൻ

 

ഗവർണറുടെ ഔദ്യോഗിക വസതിയായ ലോക്ഭവനിൽ മാംസാഹാരം പൂർണ്ണമായി വിലക്കിയെന്ന വാർത്തകൾ തള്ളി രാജ്ഭവൻ അധികൃതർ. ഗവർണർ ഓം പ്രകാശ് മാഥൂർ ശുദ്ധ വെജിറ്റേറിയൻ ആയതിനാൽ അദ്ദേഹത്തിന് ഭക്ഷണം പാകം ചെയ്യുന്ന അടുക്കളയിൽ മാത്രമാണ് മാംസത്തിനും മീനിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതെന്നും, ജീവനക്കാരുടെ ഭക്ഷണ കാര്യത്തിൽ യാതൊരു വിലക്കും ഏർപ്പെടുത്തിയിട്ടില്ലെന്നും ലോക്ഭവൻ വ്യക്തമാക്കി.

ലോക്ഭവനിലെ അടുക്കളയിൽ നിന്ന് ഗവർണർക്കും ചുരുക്കം ചില പേഴ്സണൽ സ്റ്റാഫുകൾക്കും മാത്രമാണ് ഭക്ഷണം നൽകുന്നത്. മറ്റ് ജീവനക്കാർ വീടുകളിൽ നിന്ന് ഭക്ഷണം കൊണ്ടുവരികയോ പുറത്തുനിന്ന് കഴിക്കുകയോ ആണ് പതിവ്. അവർക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നതിന് ഒരു തടസ്സവുമില്ലെന്ന് ലോക്ഭവൻ വൃത്തങ്ങൾ അറിയിച്ചു.

ഗവർണറുടെ ഈ നിർദ്ദേശത്തിനെതിരെ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. കേരളത്തിന്റെ സമ്മിശ്ര ഭക്ഷണ സംസ്കാരത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്ന വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് ലോക്ഭവന്റെ ഔദ്യോഗിക വിശദീകരണം.