വെമ്പായം ബാർ സംഘർഷം: പൊള്ളലേറ്റ അരുണിന്റെ സുഹൃത്ത് തൂങ്ങിമരിച്ച നിലയിൽ

 

തിരുവനന്തപുരം വെമ്പായം ബാറിലുണ്ടായ സംഘർഷത്തിനിടെ പൊള്ളലേറ്റ അരുണിന്റെ സുഹൃത്ത് രതീഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 43-കാരനായ രതീഷിനെ വീട്ടിലെ ബെഡ്‌റൂമിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നെടുമങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

രതീഷിനൊപ്പമാണ് അരുൺ കഴിഞ്ഞദിവസം ബാറിലെത്തിയിരുന്നത്. സംഘർഷം നടക്കുന്ന സമയം അരുണിനൊപ്പം രതീഷ് ബാറിനുള്ളിലുണ്ടായിരുന്നെങ്കിലും പൊള്ളലേറ്റിരുന്നില്ല. അതേസമയം, 38 ശതമാനം പൊള്ളലേറ്റ അരുൺ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.

ബാറിലുണ്ടായ സംഘർഷത്തിനിടെ പൊള്ളലേറ്റ അനീഷും നവാസും കഴിഞ്ഞ ദിവസങ്ങളിൽ മരിച്ചിരുന്നു.  മരിച്ച അനീഷ് സമീപത്തെ പമ്പിൽനിന്ന് പെട്രോൾ വാങ്ങി ബാറിലെത്തിയശേഷം തീകൊളുത്തുകയായിരുന്നു. ഇതിനിടെ അനീഷിനും പൊള്ളലേറ്റു. അരുണിന് പുറമെ വെമ്പായം സ്വദേശികളായ നൗഫലും റിയാസും പരിക്കേറ്റ് ചികിത്സയിലാണ്.