ഉപരാഷ്ട്രപതിയുടെ സന്ദർശനം; കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ഉച്ചയ്ക്കുശേഷം അവധി
ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തിൽ ഏർപ്പെടുത്തുന്ന സുരക്ഷാ ക്രമീകരണങ്ങളുടെയും ഗതാഗത നിയന്ത്രണങ്ങളുടെയും ഭാഗമായി നാളെ ഉച്ചയ്ക്കുശേഷം കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്.
കോർപ്പറേഷൻ പരിധിയിലെ അങ്കണവാടികൾ, മദ്രസകൾ, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.അതേസമയം, മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്കും സർവകലാശാലാ പരീക്ഷകൾക്കും അവധി ബാധകമല്ല. പരീക്ഷകൾ നിശ്ചയിച്ച സമയത്തുതന്നെ നടക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
ഉപരാഷ്ട്രപതിയുടെ വാഹനവ്യൂഹം കടന്നുപോകുന്ന വഴികളിലും നഗരത്തിലെ പ്രധാന പാതകളിലും കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതിനാലാണ് വിദ്യാർഥികളുടെയും പൊതുജനങ്ങളുടെയും യാത്ര സുഗമമാക്കാൻ ഉച്ചയ്ക്കുശേഷം അവധി പ്രഖ്യാപിച്ചത്.