പി.പി. ദിവ്യക്കെതിരായ വിജിലൻസ് അന്വേഷണം: 12 കോടിയിലധികം രൂപയുടെ പദ്ധതിഫയലുകൾ കസ്റ്റഡിയിലെടുത്തു

 

പി.പി. ദിവ്യക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിൽ വിജിലൻസിന്റെ നിർണായക നീക്കം. കണ്ണൂർ ജില്ലാ പഞ്ചായത്തിലെ 12 കോടിയിലധികം രൂപയുടെ പദ്ധതികളുമായി ബന്ധപ്പെട്ട അഞ്ച് പ്രധാന ഫയലുകൾ വിജിലൻസ് കസ്റ്റഡിയിലെടുത്തു. കാർട്ടൺ ഇന്ത്യ കമ്പനി ഏറ്റെടുത്ത് നടത്തിയ പദ്ധതികളുടെ ഫയലുകളാണ് പിടിച്ചെടുത്തത്. ഇതോടെ കമ്പനിക്ക് കരാറുകൾ ലഭിക്കാൻ ഇടനിലക്കാരനായി പ്രവർത്തിച്ചുവെന്ന് ആരോപിക്കപ്പെടുന്ന പൊതുമേഖലാ സ്ഥാപനമായ സിൽക്കിലേക്കും അന്വേഷണം വ്യാപിക്കുകയാണ്.

അതേസമയം, ദിവ്യക്കെതിരായ കേസിന്റെ അന്വേഷണച്ചുമതല കണ്ണൂർ വിജിലൻസ് യൂണിറ്റിന് പകരം ഉത്തരമേഖലാ എസ്.പിക്ക് കൈമാറി. കണ്ണൂർ യൂണിറ്റിന് അന്വേഷണം നൽകുന്നതിൽ പരാതിക്കാരനും കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റുമായ മുഹമ്മദ് ഷമ്മാസ് എതിർപ്പ് അറിയിച്ചിരുന്നു.

കണ്ണൂർ വിജിലൻസ് യൂണിറ്റിലെ സി.ഐ ബിനു മോഹന് ദിവ്യയുമായി അടുത്ത ബന്ധമുണ്ടെന്നും അതിനാൽ അദ്ദേഹത്തെ യൂണിറ്റിൽനിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ട് ഷമ്മാസ് ആഭ്യന്തരവകുപ്പ് മന്ത്രിക്ക് പരാതി നൽകിയിരുന്നു. ബിനു മോഹന്റെ സഹോദരൻ കാർട്ടൺ ഇന്ത്യ കമ്പനിയുടെ ഡയറക്ടർമാരിൽ ഒരാളാണെന്നും ദിവ്യയുമായി ബിനു മോഹന് അടുത്ത സൗഹൃദമുണ്ടെന്നും പരാതിയിൽ ആരോപിച്ചിരുന്നു.

വിവാദമായ നവീൻ ബാബു കേസിന്റെ അന്വേഷണത്തിലും ബിനു മോഹൻ ഭാഗമായിരുന്നു. അദ്ദേഹം കണ്ണൂർ വിജിലൻസ് യൂണിറ്റിൽ തുടരുന്ന സാഹചര്യത്തിൽ അന്വേഷണം അവിടേക്ക് കൈമാറിയാൽ കേസ് അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ടെന്നായിരുന്നു പരാതിക്കാരന്റെ ആരോപണം. ഈ സാഹചര്യത്തിലാണ് അന്വേഷണച്ചുമതല ഉത്തരമേഖലാ എസ്.പിക്ക് കൈമാറിയത്.