ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി വിജയ്; മോഹൻലാലിനൊപ്പം കൊച്ചിയിൽ വേദി പങ്കിടും
ലഹരി മാഫിയക്കെതിരെയുള്ള 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയിൽ കേരളവുമായി സഹകരിക്കാൻ തമിഴ്‌നാട് പോലീസും. പദ്ധതിയുടെ ഭാഗമായുള്ള ബോധവത്കരണ പരിപാടിയിൽ പങ്കെടുക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് കേരളത്തിലെത്തും. കൊച്ചിയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ബ്രാൻഡ് അംബാസിഡറായ മോഹൻലാലിനൊപ്പം വിജയ് വേദി പങ്കിടും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ചെന്നൈയിലെത്തി മുഖ്യമന്ത്രി വിജയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നിർണായക തീരുമാനം.
ചർച്ച അതീവ വിജയകരമായിരുന്നുവെന്നും ഓപ്പറേഷൻ തൂഫാനിൽ പൂർണ്ണ പിന്തുണ വിജയ് ഉറപ്പുനൽകിയതായും രമേശ് ചെന്നിത്തല അറിയിച്ചു. ഇതിന്റെ ഭാഗമായി ഇരുസംസ്ഥാനങ്ങളുടെയും അതിർത്തികളിൽ പരിശോധന കർശനമാക്കും. ലഹരി മാഫിയയെ തകർക്കാൻ കേരള-തമിഴ്‌നാട് പോലീസ് സംവിധാനങ്ങൾ സംയുക്തമായി കൈകോർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടായ മോഹൻലാലും വിജയും ഒന്നിച്ച് വേദിയിലെത്തുന്നത് ജനങ്ങളിലേക്ക് ലഹരി വിരുദ്ധ സന്ദേശം വേഗത്തിൽ എത്തിക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷ. കൊച്ചിയിൽ വിപുലമായ രീതിയിൽ സംഘടിപ്പിക്കുന്ന ഈ ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശനും പങ്കെടുക്കും.