ദിവസവും കുളിച്ച് ശരീരം സൂക്ഷിക്കുന്ന പ്രകൃതം, കൂടാതെ മുടിഞ്ഞ ബുദ്ധിയും!; കാക്ക വെറും കൂറപ്പക്ഷിയല്ല
പൊതുവെ മനുഷ്യർക്ക് ഇഷ്ടമില്ലാത്ത ഒരു പക്ഷിയാണ് കാക്ക. എന്നാൽ എന്തിനാണ് ഇത്ര ദേഷ്യം എന്നു ചോദിച്ചാൽ കൃത്യം ഉത്തരമൊന്നും ഇല്ലെന്നു പറയുകയാണ് വിജയകുമാർ ബ്ലാത്തൂർ
'കറുത്തനിറമായിപ്പോയി എന്ന ഒറ്റ കാര്യത്തിലാണ് ഈ അവഗണനയത്രയും. ദിവസവും കുളിച്ച് ഭംഗിയായി ശരീരം മിനുക്കി തടവി സൂക്ഷിക്കുന്ന പ്രകൃതമാണിവരുടേത്. കൂടാതെ മുടിഞ്ഞ ബുദ്ധിയും! നമ്മുടെ നാട്ട് കാക്കയുടെ ശാസ്ത്രനാമം Corvus splendens എന്നാണ്. ഇതിലെ സ്പ്ലെൻഡൻസ് എന്ന സ്പീഷിസ് നാമത്തിന് ലാറ്റിനിൽ അർത്ഥം അതിബുദ്ധി എന്നാണ്.'
കുറിപ്പ് പൂർണരൂപം
കാക്കേടെ നെറം!
പൊതുവെ മനുഷ്യർക്ക് ഇഷ്ടമില്ലാത്ത ഒരു പക്ഷിയാണ് കാക്ക. എന്തിനാണ് ഇത്ര ദേഷ്യം എന്നു ചോദിച്ചാൽ കൃത്യം ഉത്തരമൊന്നും ഇല്ലതാനും. സത്യത്തിൽ മഹാ ഉപദ്രവിയും വൃത്തികെട്ട ശബ്ദക്കാരുമായ മയിലിന്റെ മായിക കാഴ്ചഭംഗിയിൽ സർവരും വീണുപോയി, കൂടെ മയിലിനെ പുകഴ്താൻ നൂറു നാവും കാണും പലർക്കും. കറുത്തനിറമായിപ്പോയി എന്ന ഒറ്റ കാര്യത്തിലാണ് ഈ അവഗണനയത്രയും. ദിവസവും കുളിച്ച് ഭംഗിയായി ശരീരം മിനുക്കി തടവി സൂക്ഷിക്കുന്ന പ്രകൃതമാണിവരുടേത്. കൂടാതെ മുടിഞ്ഞ ബുദ്ധിയും! നമ്മുടെ നാട്ട് കാക്കയുടെ ശാസ്ത്രനാമം Corvus splendens എന്നാണ്. ഇതിലെ സ്പ്ലെൻഡൻസ് എന്ന സ്പീഷിസ് നാമത്തിന് ലാറ്റിനിൽ അർത്ഥം അതിബുദ്ധി എന്നാണ്.
കോർവസ് ജനുസിൽ പെട്ട റാവെൻ എന്ന ഇനം കാക്കയും, കാലിഡോണിയൻ കാക്കയും ഒക്കെ ബുദ്ധിയുടെ കാര്യത്തിൽ ജഗജില്ലികളാണ്. അതിനാൽ, ഇവരുടെ കാര്യത്തിൽ, തിലകൻ പറഞ്ഞ പോലെ - പലർക്കും 'ആളെ ശരിക്കും അങ്ങ് മനസിലായില്ലാ എന്നാ തോന്നുന്നത് - റാവൻ അല്ല - പത്ത് തലയുള്ള രാവണനാണിവൻ'.
അതിനേപ്പറ്റി പറയും മുമ്പ് ഇവരെ ഇഷ്ടപ്പെടാതിരിക്കാൻ പറയുന്ന മറ്റ് പരാതികളുടെ കെട്ടഴിച്ച് നോക്കാം. പണ്ടേ കാക്കയെ പൊതു ശല്യക്കാരായി തന്നെയാണ് പല നാട്ട്കാരും കണക്കാക്കിയിരുന്നത്. മുറ്റത്ത് വല്ലതും ഉണക്കാനിട്ടാൻ ഒറ്റക്ക് കൊത്തിത്തിന്നുന്നതും പോരാതെ ഇവിടെ സദ്ധ്യയുണ്ടേ, ഓടിവായോ എന്ന് ഉറക്കെ കരഞ്ഞ് കൂട്ടുകാരെ മൊത്തം വിളിച്ച് വരുത്തും. കൊപ്രാക്കളത്തിലും നെല്ലുണക്കാനിട്ട മുറ്റത്തും ഒക്കെ ഇവരാണ് പണ്ടേ പേടീസ്വപനം. കാക്കച്ചിറകും, തെറ്റാലിയും, വറ്റൽ മുളകും വെള്ളത്തുണിയും ഒക്കെ കെട്ടിയിട്ട് പേടിപ്പിക്കാൻ നോക്കിയാലൊന്നും ഇവർ പേടിക്കണം എന്നില്ല. കൃഷിയിടങ്ങളിൽ കാക്കകളെ പേടിപ്പിച്ചോടിക്കാൻ കാക്കക്കോലങ്ങൾ കുത്തിവെയ്ക്കുന്ന രീതി വളരെ പണ്ട് മുതലേ ഉണ്ടായിരുന്നു.
അയ്യപ്പന്റെ അമ്മ ചുട്ട നെയ്യപ്പം ചെക്കന്റെ കൈയ്യിൽ നിന്ന് കൊത്തിപ്പാറുന്ന കാക്കയുടെ സ്വഭാവം അറിയുന്നതിനാൽ കുട്ടികളെ പോറ്റുന്ന , തീറ്റുന്ന എല്ലാ വീട്ടമ്മമാരുടെയും ശത്രു ആണിവർ. എത്ര സൂക്ഷിച്ചാലും മീൻ മുറിക്കുന്നതിനിടയിൽ കണ്ണൊന്ന് തെറ്റിയാൽ ചട്ടിയിൽ നിന്ന് കൊത്തിപ്പറക്കും.
'കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം കാക്ക കൊത്തി പോകും എന്നും,
അയ്യോ കാക്കച്ചി കൊത്തിപ്പോകും എന്നും എല്ലാ കുട്ടികൾക്കും അറിയാമായിരുന്നു. മാവിൻ കീഴിൽ മുകളിലെ എത്താക്കൊമ്പിൽ പഴുത്ത മാങ്ങ നോക്കി വെള്ളമിറക്കുന്നതിനിടയിൽ കുട്ടികൾ കാക്കയെ കാത്തു നിൽക്കാറും ഉണ്ട്. ഫലവൃക്ഷങ്ങളിലെ പഴങ്ങളും കായ്കളും കൊത്തിത്തിന്നും നശിപ്പിച്ചും ഇവർ ഉപദ്രവം ചെയ്യും. വീട്ടിൽ വളർത്തുന്ന കോഴിക്കുഞ്ഞുങ്ങളെ റാഞ്ചാൻ പ്രത്യേക കഴിവാണ്. ഇതൊന്നും കൂടാതെ വളരെ പ്രധാനപ്പെട്ട ടൂറിസ്റ്റ് സ്ഥലങ്ങളിൽ പോലും മൊത്തം സീൻ കോണ്ട്ര ആക്കിക്കളയും 'കാക്ക തൂറി എന്നാ തോന്നുന്നത് ' എന്ന് ജഗദീഷ് സ്‌റ്റൈലിൽ പല വി ഐ പികളും പറയേണ്ടി വന്നാൽ പിന്നെ എന്താ ചെയ്യുക. ആ സ്ഥലത്തിന്റെ മൊത്തം അഴകും പേരും ആകർഷണവും പോയിക്കിട്ടും. വൈകുന്നേരങ്ങളിൽ നഗരങ്ങളിലെ ബസ് സ്റ്റോപ്പുകളിൽ മരക്കീഴിൽ നിൽക്കുമ്പോൾ വേനൽക്കാലത്തും കുട ചൂടി നിൽക്കേണ്ടി വരുന്നത് കക്കക്കാഷ്ടം പേടിച്ചാണ്. ഇവർ പല അഴുക്കുകളും കൊത്തികൊണ്ട് വന്ന് വാട്ടർ ടാങ്കിലും കിണറിലും ഇടും. അതിസാര രോഗങ്ങൾ പകർത്താൻ ഇവർ കാരണക്കാരും ആണ്. ഇതൊക്കെ കൊണ്ട് പല രാജ്യങ്ങളിലും ഇവർ ശല്യക്കാരായ കടന്ന്കയറ്റക്കാരായാണ് കണക്കാക്കുന്നത്. പലയിടങ്ങളിലും കൊന്നു തീർക്കാറും ഉണ്ട്. നമ്മൾ പക്ഷെ നൂറ്റാണ്ടുകളായി ഇവരോടൊപ്പം ജീവിച്ച് വളർന്നവരാണ്. കക്കയില്ലാതെ ഒരു കഥ നമുക്കില്ല. നമുക്കൊപ്പം അല്ലാതെ കാക്കകൾക്കും ജീവിതം സാദ്ധ്യമല്ല. ഭാരതത്തിൽ ഒരാളും ഈ പക്ഷിയെ അറിയാത്തവരായി ഉണ്ടാകുകയില്ല. എല്ലാ നഗരത്തിലും ആളുകളെ വിളിച്ചുണർത്തുന്നത് ഇപ്പഴും ഇവർ തന്നെയാണ്. തലക്ക് കൊത്തിയും, ഷോക്കടിച്ച് ചത്ത സഹോദരരുടെ അനുശോചന യോഗം കൂടിയും, കൈയിൽ നിന്നും കടയിൽ നിന്നും വീട്ടിനുള്ളിൽ നിന്നും കട്ടുപറന്നും , തലയിലും ഉടുപ്പിലും തൂറിവെച്ചും, കാലങ്ങളായി ഇവർ നമ്മോടൊപ്പം ജീവിക്കുന്നു.
ഇതൊക്കെ ഇവരെപറ്റിയുള്ള പരാതിപരമ്പരകളാണെങ്കിലും ഇവരെകൊണ്ടുള്ള സഹായങ്ങൾ വളരെ ഏറെയാണ്. എന്തും തിന്നുന്ന ശീലക്കാരാണ് ഇവർ. ജീവനുള്ളതെന്നോ, ചത്തതെന്നോ അഴുകിയതെന്നോ പഴുത്തതെന്നോ ഉണങ്ങിയതെന്നോ ഒന്നും വ്യത്യാസമില്ല. പ്രാണികളും കീടങ്ങളും ചെറു ഉരഗങ്ങളും തുടങ്ങി എലി, തവള, ഒച്ച്, മണ്ണിര, മറ്റ് പക്ഷികളുടെ മുട്ടകൾ ധാന്യങ്ങൾ പഴങ്ങൾ ഒക്കെ ശാപ്പിടുന്ന ഇവർ സ്വന്തം ശരീര ഭാരത്തിന്റെ അത്രതന്നെ ഭാരം ഭക്ഷണവും ദിവസവും അകത്താക്കും.
'കൂരിരുട്ടിൻറെ കിടാത്തി, യെന്നാൽ
സൂര്യപ്രകാശത്തിനുറ്റ തോഴി,
ചീത്തകൾ കൊത്തി വലിക്കുകിലു-
മേറ്റവും വൃത്തിവെടുപ്പെഴുന്നോൾ '
എന്ന് വൈലോപ്പിള്ളി ശ്രീധരമേനോനെപ്പോലെ അപൂർവ്വം കവികൾ മാത്രമേ കാക്കയെ പുകഴ്തി എഴുതീട്ടുള്ളു.
നഗരങ്ങളിലെയൊക്കെ ജൈവ മാലിന്യങ്ങൾ തിന്നു തീർത്ത് വൃത്തിയാക്കുന്നതിൽ കാക്കക്കൂട്ടങ്ങളുടെ പങ്ക് നിസാരമല്ല. ചില സർവേകൾ വഴി, ഇന്ത്യൻ നഗരങ്ങളിലെ പത്തൊൻപത് ദശലക്ഷവും ഗ്രാമ പ്രദേശങ്ങളിലെ പതിനഞ്ച് ദശലക്ഷവും ഉൾപ്പെടെ 34 ദശലക്ഷം കാക്കകൾ ഇന്ത്യയിൽ ഉണ്ട് എന്നാണ് 2010 ലെ ഏകദേശ കണക്ക് . അവ തിന്നു തീർക്കുന്ന മാലിന്യത്തിന്റെ അളവ് വളരെ ഏറെ ആണ്. ഇതുപ്രകാരം പ്രതിവർഷം എത്രയോ കോടി രൂപയുടെ മൂല്യം ഉള്ള മാലിന്യ സംസ്‌കരണം ഇവർ ചെയ്യുന്നുണ്ട്.
തൊട്ടരികിൽ വരെ വന്നിരിക്കാൻ കാക്കയെപ്പോലെ ധൈര്യമുള്ള ഏതു പക്ഷിയുണ്ട് നമ്മുടെ നാട്ടിൽ ? തലയ്ക്ക് നല്ല മേട്ടം കൊടുത്ത് നായയെപ്പോലും ഓടിക്കും ഇവർ. കോർവസ് ജീനസിൽ പെട്ട ഈ പക്ഷി കുടുംബം മദ്ധ്യേഷ്യയിൽ പരിണമിച്ച് ഉണ്ടായി മനുഷ്യരുടെ കൂട്ടങ്ങൾക്ക് സമീപം ജീവിച്ച് തുടങ്ങിയവയാണ്. പിന്നീട് മനുഷ്യരുടെ കപ്പൽ യാത്രകളിൽ ഒപ്പം കൂടി ലോകം മുഴുവൻ പരന്നു. ഏതും തിന്ന് അതിജീവിക്കാനുള്ള കഴിവും സാമർത്ഥ്യവും ശത്രുക്കളുടെ കുറവും കൊണ്ട് കാക്ക എത്തിയ സ്ഥലത്തൊക്കെ സാമ്രാജ്യം സ്ഥാപിച്ചു.
ശരീര വലിപ്പവുമായി തട്ടിക്കുമ്പോൾ ഏറെ വലിയ തലച്ചോറാണിവർക്കുള്ളത്. ബുദ്ധി ശക്തിയിൽ ആൾക്കുരങ്ങുകളോട് മത്സരിക്കും. മനുഷ്യർ കഴിഞ്ഞാൽ ഏറ്റവും ബുദ്ധിശക്തിയുള്ള ജീവി ഇവരാകും.
തെക്ക് പടിഞ്ഞാറൻ ശാന്തസമുദ്രത്തിലെ ന്യൂ കാലഡോണിയയിൽ ഉള്ള കാക്കകൾ (Corvus moneduloides ) ആണ് പക്ഷികളുടെ കൂട്ടത്തിൽ ഏറ്റവുംമികച്ച ബുദ്ധിശക്തി പ്രകടിപ്പിക്കുന്നതായി തെളിയിക്കപ്പെട്ടിട്ടുള്ളത്. മരംകൊത്തികൾ ഇല്ലാത്ത ആ ദ്വീപിൽ മരപ്പൊത്തുകളിലെ, വിള്ളലുകളിലെ - പ്രാണികളേയും പുഴുക്കളേയും തിന്നാൻ അവിടത്തെ കാക്കകൾ പ്രത്യേക രീതിയാണ് ഉപയോഗിക്കുന്നത്. ചെടികളുടെ ചില്ലക്കമ്പുകൾ മുറിച്ച് എടുത്ത് ഇലകൾ നീക്കം ചെയ്ത് നീളമുള്ള ചിള്ളി ഉണ്ടാക്കും. കുത്തിയെടുക്കാനുള്ള വളരെ കൃത്യതയുള്ള ഉപകരണം. ഈ നീളൻ കമ്പുകൾ കടിച്ച്പിടിച്ച് മരപ്പൊത്തുകൾക്കുള്ളിലെ ചെറു ദ്വാരങ്ങളിൽ നിന്ന് പുഴുക്കളെയും പ്രാണികളേയും കുത്തിയിളക്കി അതിൽ പിടിപ്പിച്ച് വലിച്ചെടുത്ത് ശാപ്പിടും. ചിലപ്പോൾ കമ്പുകളെ പ്രത്യേക രീതിയിൽ ഒടിച്ചെടുത്ത് കൊക്കപോലെ ഉപകരണം ഉണ്ടാക്കിയും ഇരകളെ ആഴത്തിൽ നിന്നും തോണ്ടി എടുക്കാൻ ഇവർക്ക് പറ്റും. മനുഷ്യരെ കൂടാതെ ആൾക്കുരങ്ങുകളും ആനകളും മാത്രമാണ് ഇത്രയും വിദഗ്ദമായ ഉപകരണങ്ങൾ ഭാവന ചെയ്ത് ഉണ്ടാക്കാൻ കഴുവുള്ളവരായി കണ്ടിട്ടുള്ളത്. പരിണാമ ഘട്ടങ്ങളിൽ ജീവികളിലെ ബുദ്ധി വികാസവും ഉപകരണങ്ങളുടെ കണ്ടെത്തലും നിർമ്മാണവും തമ്മിലുള്ള ബന്ധത്തെപറ്റി പഠിക്കാൻ ഈ കാക്കകളെയാണ് ശാസ്ത്രലോകം ഇപ്പോൾ പ്രധാനമായും ഉപയോഗിക്കുന്നത്. വന്യതയിൽ അവർക്ക് പരിചിതമല്ലാത്ത ലോഹ കമ്പികൾ നൽകിയപ്പോൾ അവ വളച്ച് കൊക്കകളുണ്ടാക്കി ആഴമുള്ള പാത്രത്തിന്റെ അടിയിലുള്ള മാംസക്കഷണം കൊളുത്തിയെടുക്കുന്നതായി കണ്ടു. പല സ്റ്റേജുകൾ ഒന്നിനുപിറകെ ഒന്നായി കൃത്യമായി ചെയ്താൽ മാത്രം വിജയിക്കുന്ന പല ഘട്ടങ്ങൾ ഉള്ള പരീക്ഷണങ്ങൾ ഇവർ ബുദ്ധിയും ഭാവനയും ഉപയോഗിച്ച് തെറ്റാതെ ചെയ്യും. ഒരു ഉപകരണം ഉപയോഗിച്ച് മറ്റൊന്നുണ്ടാക്കി അതുപയോഗിച്ച് തീറ്റ സമ്പാധിക്കുന്ന കൂടുതൽ സങ്കീർണ്ണമായ 'മെറ്റാ- ടൂൾ' രീതിയും ഇവ വിജയകരമായി ചെയ്യുന്ന പരീക്ഷണം കണ്ടാൽ നമ്മൾ അമ്പരന്നു പോകും. ഇടുങ്ങിയ ഗ്ലാസ് പാളികൾക്കിടയിൽ മാംസക്കഷണം തീറ്റയായി വെച്ചിട്ടുണ്ടാകും. അതെടുക്കണമെങ്കിൽ നീളമുള്ള ഒരു കമ്പ് വേണം . അത്ര നീളമുള്ള കമ്പ് ഒരു കണ്ണാടിക്കൂട്ടിൽ പ്രത്യേക ചരിവിൽ അടഞ്ഞ രീതിയിൽ വെച്ചിട്ടുണ്ടാകും. അത് താഴോട്ട് വീഴണമെങ്കിൽ മൂന്നു കല്ലുകൾ അതിനു മുകളിൽ ഇടണം. മൂന്നു കല്ലുകൾ മൂന്ന് ചെറിയ കമ്പിഅഴിക്കൂടിനുള്ളിൽ കാക്കയുടെ കൊക്കെത്താത്ത ദൂരത്ത് വെച്ചിട്ടുണ്ടാകും . ആ കല്ലുകൾ എടുക്കണമെങ്കിൽ ആ അഴിക്കൂടിനുള്ളിൽ നിന്നും ചെറിയ ഒരു കമ്പ് കൊണ്ട് ചിള്ളണം. അതിനു പറ്റിയ ഒരു കമ്പ് മുകളിൽ ഒരു കയറിൽ കുടുക്കി ഇട്ടിട്ടുണ്ടാകും. എന്നിട്ട് പരീക്ഷണത്തിനായി ഇതൊന്നും അറിയാത്ത ഒരു കാക്കയെ അവിടെ എത്തിച്ചു. കാക്ക എല്ലാം ഒരുപ്രാവശ്യം നോക്കിയ ശേഷം ഒരു എട്ടുവയസ്സുകാരൻ മനുഷ്യക്കുട്ടിക്ക് പോലും കുറച്ച് ആശയക്കുഴപ്പം ഉണ്ടാകുന്ന ഈ പസിൽ വളരെ വേഗം പൂർത്തിയാക്കി. ചെറിയ കമ്പ് അഴിച്ചെടുത്ത് അതുപയോഗിച്ച് കല്ലുകൾ എടുത്തിട്ട് വലിയകമ്പ് കൂടിൽ നിന്നും എടുത്ത് , ആ നീളൻ കമ്പുകൊണ്ട് ഇറച്ചിക്കഷണം ഗ്ലാസ് പാളികൾക്ക് ഇടയിൽ നിന്നും ചിള്ളി എടുത്ത് കഴിച്ചു. ചെറിയ കമ്പ് കൊണ്ട് ഇറച്ചിക്കഷണം കിട്ടില്ല എന്ന അറിവ് ട്രയൽ ആന്റ് ഏറർ രീതിയിലല്ലാതെ എത്രവേഗം കക്ക തീരുമാനിച്ചു എന്നത് ശരിക്കും അതുഭുതപ്പെടുത്തുന്നതാണ്.
കൊത്തിപ്പൊട്ടിക്കാൻ വിഷമമുള്ള വാൽനട്ട് പോലുള്ളവ കിട്ടിയാൽ അവ ടാർ റോഡിലേക്ക് കൃത്യമായ ഉയരത്തിൽ നിന്ന് ഇട്ട് പൊട്ടിച്ച് (അധികം ഉയരത്തിൽ നിന്ന് ഇട്ടാൽ എല്ലാം ചിതറിപ്പോകും എന്നവർക്ക് അറിയാം) കൊത്തി തിന്നാൻ അവർക്കറിയാം. ട്രാഫിക്ക് ജംഗ്ഷനുകളിൽ കൃത്യമായി റെഡ് സിഗ്‌നൽ വരുന്നതിനനുസരിച്ച് റോഡിൽ കുരുക്കൾ ഇട്ട് വാഹനങ്ങൾ കയറി ഇറങ്ങുന്നത് വഴി പൊട്ടിച്ച് കഴിക്കുന്നതും നിരവധി വീഡിയോകളിൽ നമുക്ക് കാണാം. അഞ്ച് വരെ അക്കം ഓർമ്മിക്കാനും എണ്ണാനും ഇവർക്ക് കഴിയും.
ദാഹിച്ച് അലഞ്ഞ് കുഴഞ്ഞ ഒരു കാക്ക കൂജയുടെ അടിത്തട്ടിൽ ഇത്തിരി വെള്ളം കണ്ട്, ചരൽകല്ലുകൾ അതിൽ കൊത്തിയിട്ട് ജലനിരപ്പുയർത്തി വെള്ളം കുടിച്ച് പറന്നുപോയ ഈസോപ്പ് കഥ പലരൂപത്തിൽ നമ്മളെല്ലാം കേട്ടിട്ടുണ്ട്. കൗശലക്കാരനായ കുറുക്കന്റെയും, അപ്പം വീതം വെച്ച് മൊത്തം അകത്താക്കുന്ന കുരങ്ങന്റെയും കഥ പോലെ വെറും കഥയല്ല ഇത്. 2009 ൽ എത്തോളജിസ്റ്റായ നിക്കോള ക്ലൈടൺ നടത്തിയ പരീക്ഷണങ്ങൾ കാക്കയ്ക്ക് ഇതൊക്കെ നിസാരം എന്ന് തെളിയിച്ചു. ജലനിരപ്പുയരാൻ അതിൽ മറ്റ് സാധനങ്ങൾ ഇട്ടാൽ മതി എന്ന കാര്യം ഏതു കാക്കയ്ക്കും അറിയാമത്രെ. കൂടാതെ കാക്കകൾ ഉൾപ്പെട്ട കോർവിഡ് കുടുംബത്തിലെ മറ്റ് പക്ഷികൾക്കും ഈ ബുദ്ധി ശക്തിയുണ്ടെന്നും കണ്ടു. വളരെ സങ്കീർണ്ണമായ പ്രശ്‌നങ്ങളെ പരിഹരിക്കാനുള്ള സ്‌കില്ലും ഓർമ്മ ശക്തിയും പരിണാമഘട്ടത്തിൽ തലച്ചോറിലെ ഹിപ്പോകാമ്പസിന്റെയും അമിഗ്ഡലയുടെയും വികാസം വഴി
കാക്കകൾ ആർജ്ജിച്ചതാണ്.
കാക്ക വെറും കൂറപ്പക്ഷിയല്ല എന്ന് ചുരുക്കം .
നമ്മുടെ നാട്ടിലെ കാക്കകൾക്കും ബുദ്ധികുറവല്ല.
ഇത്രയും ബുദ്ധിയുള്ള കാക്കയുടെ കൂട്ടിൽ കയറി മുട്ടയിട്ട് സ്‌കൂട്ടാവുന്ന കുയിലിനെക്കുറിച്ച് അപ്പോൾ എന്തു പറയുന്നു എന്ന് ചിന്തിക്കുന്നുണ്ടാകും. കൂടുകെട്ടി മുട്ടയിട്ട് തുടങ്ങിയ കാക്കയുടെ കൂട് കണ്ട് പിടിച്ച് , കാക്കയെ തന്ത്രപരമായി സ്ഥലത്ത് നിന്നും അകറ്റി മറ്റിയാണ് കുയിൽ ഒളിഞ്ഞ് മുട്ടയിട്ട് സ്ഥലം വിടുക. കുയിൽ മുട്ടയിടുമ്പോൾ കാക്കയ്ക്ക് കണക്ക് അറിയാം എന്നതിനാൽ , എണ്ണം കൂടുതലാകാതിരിക്കാൻ കാക്കയുടെ മുട്ട തള്ളിയിട്ട് കൂട്ടിന് വെളിയിൽ കളഞ്ഞാവും പലപ്പോഴും സ്വന്തം മുട്ടയിടുക. കാഴ്ചയിൽ സാമ്യമുള്ളതിനാൽ കാക്കയ്ക്ക് വ്യാജമുട്ട തിരിച്ചറിയാനൂം കഴിയില്ല. കാക്കക്കുഞ്ഞുങ്ങളെ കൊല്ലുന്നതിൽ മിടുക്കരാണത്രെ വിരിഞ്ഞിറങ്ങുന്ന കണ്ണുകീറാത്ത കുയിൽ കുഞ്ഞ്. അത് സ്വശരീരം ഇടവിടാതെ വിറപ്പിച്ചും ഉയർത്തിയും താഴ്ത്തിയും കൂട്ടിലുള്ള മറ്റ് മുട്ടകളേയും കുഞ്ഞുങ്ങളേയും ഓരോന്നായി തന്റെ മുതുകത്ത് കയറ്റി, പെട്ടന്ന് പൊന്തി , അവയെ കൂട്ടിന് പുറത്തേക്ക് തള്ളിക്കളയും. ഭക്ഷണം പങ്കുവെച്ച് പോകുന്നത് തടയാൻ ജന്മസിദ്ധമായി കിട്ടിയ സൂത്രമാണത്. കാക്ക കൊണ്ടുവരുന്നത് മുഴുവൻ ഒറ്റയ്ക്ക് തിന്നാനുള്ള തന്ത്രം. വിരിഞ്ഞിറങ്ങുന്ന കുയിൽ കുഞ്ഞിൽ ആൺ കുഞ്ഞ് കാഴ്ചയിൽ കാക്കയെ പോലെ ആണെങ്കിലും പെൺ കുയിൽ
കുഞ്ഞിന് പുള്ളികൾ വരുന്നതോടെ വ്യത്യാസം തിരിച്ചറിയാനാകും. ( കുട്ടിക്കഥകളിൽ കാക്കക്കൂട്ടിൽ മുട്ടയിടാൻ വരുന്ന കുയിലിന്റെ ചിത്രം വരയ്ക്കുമ്പോൾ ചിത്രകാരന്മാർ ഒരബദ്ധം കാണിക്കാറുണ്ട്. തെറ്റായി നല്ല കാക്കകറുപ്പ് നിറത്തിലുള്ള കുയിലിനെയാണ് വരയ്ക്കുക. പക്ഷെ കരിങ്കുയിൽ ആണാണ്, പെൺകുയിൽ പുള്ളിക്കുയിലും എന്നത് പലരും ഓർക്കാറില്ല. )
പേനക്കാക്ക, കാവതി കാക്ക, എന്നൊക്കെ വിളിപ്പേരുള്ള- കഴുത്തും നെഞ്ചും ചാരനിറത്തിലുള്ള വീട്ടു കാക്ക (Corvus splendens) ആണ് നമ്മുടെ നാട്ടിലെ പ്രധാന കാക്കയിനം . അവയേക്കാൾ അത്പം വലിപ്പക്കൂടുതലുള്ള, മൊത്തം കടും കറുപ്പ് നിറമുള്ള ബലിക്കാക്ക (Corvus macrorhynchos culminates) ആണ് രണ്ടാമത്തെ ഇനം. ഇരുവരും സാമൂഹ്യ ജീവിതം ഇഷ്ടപ്പെടുന്നവരാണ് . ശല്യക്കാരായാണ് പൊതുവെ കാക്കകളെ കണക്കാക്കുന്നതെങ്കിലും മാലിന്യങ്ങൾ കൊത്തി തിന്ന് വൃത്തിയാക്കുന്നതിൽ ഇവർ ഒന്നാം സ്ഥാനക്കാരാണ് . ആവശ്യം കഴിഞ്ഞുള്ള ഭക്ഷണം തന്ത്രപരമായി ഒളിവിടങ്ങളിൽ സൂക്ഷിച്ചു വെക്കുന്ന ശീലമുണ്ട്.
പത്ത് ചതുരശ്ര കിലോമീറ്ററോളം വിസ്താരത്തിൽ ഇരതേടി സഞ്ചരിക്കുന്ന കാക്കക്കൂട്ടങ്ങളിൽ ഇരുന്നൂറ് മുതൽ ആയിരക്കണക്കിന് വരെ അംഗങ്ങൾ ഉണ്ടാവും. അംഗങ്ങളെല്ലാം വൈകുന്നേരമാകുമ്പോൾ ഉയർന്ന ഒരു മരത്തിലോ മരക്കൂട്ടത്തിലോ ചേക്കേറാനായി പറന്നെത്തും. ചേക്കേറും മുമ്പ് തൊട്ടടുത്തുള്ള മരങ്ങളിലോ മൈതാനത്തോ കൂട്ടമായി വന്നിരുന്ന് ഒരു കശപിശ സമ്മേളനം ഉണ്ടാവും. എല്ലാവരും ഒന്നിച്ച് പ്രസംഗിക്കും. പിന്നെ സ്വിച്ചിട്ടപോലെ സമ്മേളനം പിരിച്ച് വിടും. ചേക്കേറിയാലും കുറേ നേരം കൂടി കശപിശ ശബ്ദം കേൾക്കാം.
'കാക്കേ കാക്കേ കൂടെവിടെ കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ' എന്ന ചോദ്യപ്പാട്ട് നമ്മളെല്ലാവരും ചെറുപ്പത്തിൽ പാടിപ്പഠിച്ചിട്ടുണ്ട്. പല പക്ഷികളേയും പോലെ ഇവരും കൂട് കെട്ടുന്നത് മുട്ടയിടാനും കുഞ്ഞുങ്ങളെ വളർത്താനും വേണ്ടി മാത്രമാണ്. അല്ലാതെ നമ്മളെപ്പോലെ സ്ഥിര വാസത്തിനുള്ളതല്ല. ഇവർ മരക്കൊമ്പുകളിൽ പലതരം വസ്തുക്കൾ കൊണ്ട് കൂടു കെട്ടും. ലഭ്യമായ എന്തും എന്നുവേണമെങ്കിൽ പറയാം . ഇലക്ട്രിക്ക് വയറുകൾ ,നാരുകൾ,ചുള്ളിക്കൊമ്പുകൾ, എന്നിവയൊക്കെ ഉപയോഗിക്കും. കൂടു കെട്ടുന്ന സമയത്ത് ഇവർ ഏകാന്ത പ്രണയിനികളാകും. ആ കാലം ഇണകളായി ജീവിക്കാനാണ് ഇഷ്ടം. കൂട്ടത്തിൽ നിന്ന് വിട്ട് തനിച്ചു കൂട് കെട്ടും. ഒരു മരത്തിൽ ഒന്നിലധികം കൂടുകൾ ചിലപ്പോൾ കാണും. ചാരനിറമുള്ള പുള്ളികളോടു കൂടിയ നീല നിറ തോടുള്ള മനോഹര മുട്ടകളിണിവയുടേത് പെൺകാക്കകൾ മൂന്നു വർഷം കൊണ്ടും ആൺ കാക്കകൾ അഞ്ച് വർഷം കൊണ്ടും പ്രായപൂർത്തിയാകും. മുൻ വർഷം വിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങളും കൂടു കെട്ടാനും പുതിയ കുഞ്ഞുങ്ങൾക്ക് തീറ്റകൊണ്ടു കൊടുക്കാനും മാതാപിതാക്കളെ സഹായിക്കും. ഇണ ചേരലും മുട്ടയിടലും ഒക്കെ ഡിസംബർ മുതൽ ജൂൺ വരെയുള്ള കാലമാണ്. മൂന്നു മുതൽ ഒൻപത് മുട്ടകൾ വരെ ഇടും. ഇരുപത് വർഷം വരെയാണ് കാക്കയുടെ ആയുസ്സ്. എങ്കിലും സ്വാഭാവിക അയുസ്സ് എത്തി മരിച്ച കിടക്കുന്ന കാക്കകളെ അധികം കാണാറില്ല. ഷോക്കടിച്ചും അപകടത്തിൽ പെട്ടും മരിക്കുന്ന കാക്കകളുടെ അനുശോചനവും പ്രതിഷേധവും ശബ്ദരൂക്ഷതയോടെ കേൾക്കാം. കാക്കകളെ ഇപ്പോൾ എണ്ണം കുറവായേ കാണാറുള്ളു എന്ന് പൊതുവെ പറയാറുണ്ടെങ്കിലും അതിന് തെളിവില്ല.
പല സംസ്‌കാരങ്ങളിലും കാക്ക പരേതാത്മാക്കളുമായി ബന്ധപ്പെട്ട ജീവിയാണ്. നമ്മുടെ നാട്ടിലും ബലിക്കാക്കകൾ മരിച്ച് പോയ കാരണവന്മാരുടെയും പിതൃക്കളുടെയും ആത്മാണെന്ന് വിശ്വസിച്ച് അവർക്ക് ചോറു നൽകുന്ന ചടങ്ങ് ഇപ്പോഴും വാവു ബലി എന്ന പേരിൽ ഉണ്ട്. മരണത്തിന്റെയും അപശകുനത്തിന്റെയും ആത്മാവിന്റെയും ചിഹ്നമായി കഥകളികളിലും സിനിമകളിലും കാക്കകൾ വന്നുകൊണ്ടിരിക്കും. കാക്ക കുളിച്ചാൽ കൊക്കാകുമോ, തുടങ്ങി പല പഴംചൊല്ലുകളും നമ്മുടെ നാട്ടിലുണ്ടല്ലോ. (വംശീയതയും അറപ്പും ഒക്കെ ആണ് അതിന്റെ അടിസ്ഥാനം) അതുപോലെ പല വിശ്വാസങ്ങളും. ഒറ്റ കാക്ക കുളിക്കുന്നത് കണ്ടാൽ അപകടം എന്നും , വാഴകൈയിൽ വന്നിരുന്ന് കാക്ക കരഞ്ഞാൽ വിരുന്നുകാർ വരുമെന്നും ഒക്കെയുള്ള നാട്ട് വിശ്വാസങ്ങൾ ഇപ്പോൾ ആരും കാര്യമാക്കാറില്ല.
കാക്കയുടെ ചെരിഞ്ഞ് നോട്ടം വളരെ പ്രശസ്തമാണ്. കാക്കയ്ക്ക് ഒരു കണ്ണ് കണ്ടു കൂട, അതുകൊണ്ടാണ് ഇവ അങ്ങിനെ നോക്കുന്നത് എന്നാണ് വിശ്വാസം. ശ്രീരാമൻ ചിത്രകൂടത്തിൽ സീതാ ദേവിയുടെ മടിയിൽ തലവെച്ച് ഉറങ്ങുമ്പോൾ, ഇന്ദ്ര പുത്രനായ ജയന്തൻ കാക്കയുടെ രൂപത്തിൽ വന്ന് സീതയെ കൊത്തി മുറിവേൽപ്പിച്ചത്രെ ! ഉറക്കം കഴിഞ്ഞുണർന്ന ശ്രീരാമൻ ചോരയൊലിച്ചു നിൽക്കുന്ന സീതയെ കണ്ടു കാര്യം മനസിലാക്കി. തൊട്ടടുത്തുള്ള പുല്ലു പറിച്ച് കാക്കയുടെ നേരെ എറിഞ്ഞപ്പോൾ കണ്ണിൽ തറച്ച് ഒരുഭാഗത്തെ കാഴ്ചപോയെന്നാണ് കഥ. ''വല്ലഭന് പുല്ലും ആയുധം'' എന്ന ഭാഷാപ്രയോഗം നിലവിൽ വന്നത് ഈ കഥയിൽ നിന്നാണ്. വളരെ സൂക്ഷ്മമായും ശ്രദ്ധയോടെയും പരിസരം നിരീക്ഷിക്കുന്ന ശീലക്കാരാണ് കാക്കകൾ. കാഴ്ചകളെയും വ്യക്തികളെയും ഓർത്തു വെക്കുന്നതിൽ കാക്കകൾ അസാമാന്യ കഴിവുള്ളവരാണ്. ആളുകളുടെ മുഖം ഇവ എങ്ങനെ ഇത്ര കൃത്യമായി ഓർത്തു വെക്കുന്നു എന്ന കാര്യത്തെക്കുറിച്ച് അറിയാൻ കൂടുതൽ ഗവേഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.
കൂട്ടത്തിലാർക്കെങ്കിലും ദുരനുഭവം ഉണ്ടായാൽ സംഘാംഗങ്ങളൊക്കെയും കൂടിച്ചേർന്ന് അനുതാപവും ആശങ്കയും ദേഷ്യവും പ്രകടിപ്പിക്കും. ആയുഷ്‌കാലമത്രയും ആ അനുഭവവും സ്ഥലവും അവ ഓർത്തു വെക്കും. 250 വ്യത്യസ്ഥ തരം കരച്ചിൽ ശംബദങ്ങളിലൂടെ ആശയ കൈമാറ്റം ഇവ വളരെ സ്പഷ്ടമായി നടത്തുന്നുണ്ട്. കൂട്ടത്തിലെ മറ്റ് അംഗങ്ങളോട്ട് ഉയർന്ന ഒച്ചയിലും കുടുംബാംഗങ്ങളോട് താഴ്ന്ന ശബദത്തിലും ഇവ കാകാ ശബ്ദത്തിന്റെ വ്യത്യസ്ഥ സാദ്ധ്യതകൾ ഉപയോഗിക്കും. അതിന്റെ കുഞ്ഞുങ്ങളെ അപായപ്പെടുത്തിയ ആളുകളെ എത്ര വലിയ ജനക്കൂട്ടത്തിനിടയിൽ നിന്നും മുഖം കണ്ട് തിരിച്ചറിയാനും ആക്രമിക്കാനും ഇവയ്ക്ക് കഴിയും.
ഒരേ മുഖം എന്ന് നമുക്ക് തോന്നുന്ന ചൈനക്കാരുടെ കൂട്ടത്തിൽ നിന്നും ഒരാളെ തിരിച്ചറിയാൻ പറഞ്ഞാൽ നമ്മൾ അത്പം കുഴയും എന്നിരിക്കെ ഇവരെങ്ങനെ ഒരാൾക്കൂട്ടത്തിനുള്ളിൽ നിന്നും എത്ര വർഷം കഴിഞ്ഞും വളരെ ദൂരത്ത് നിന്നുപോലും ഞൊടിയിടയിൽ മുഖം തിരിച്ചറിയുന്നു എന്ന കാര്യം തിരിച്ചറിഞ്ഞാൽ, കമ്പ്യൂട്ടർ ഫേസ് റക്കഗ്‌നേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് എന്നിവയിൽ വലിയ സംഭാവന ആകും അത്.