ആർ.ടി.ഒ, സബ് ആർ.ടി.ഒ ഓഫീസുകളിലെ സന്ദർശന സമയം നീട്ടി; മുൻ തീരുമാനം തിരുത്തി സി.പി. ജോൺ
Aug 11, 2026, 18:06 IST
ആർ.ടി.ഒ, സബ് ആർ.ടി.ഒ ഓഫീസുകളിലെ പൊതുജന സന്ദർശന സമയം സംബന്ധിച്ച മുൻ ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ തീരുമാനം തിരുത്തി നിലവിലെ ഗതാഗതമന്ത്രി സി.പി. ജോൺ. പൊതുജനങ്ങൾക്ക് ഓഫീസിൽ നേരിട്ട് എത്തി കാര്യങ്ങൾ നടത്താനുള്ള സമയം രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയും വൈകിട്ട് നാല് മുതൽ അഞ്ച് വരെയുമായി പുനഃക്രമീകരിച്ചു.നേരത്തെ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയായിരുന്നു പൊതുജന സന്ദർശന സമയം.
രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെ പൊതുജനങ്ങൾക്ക് ഫോൺ വഴി ഓഫീസുമായി ബന്ധപ്പെടാം. എന്നാൽ ജീവനക്കാരുടെ ജോലിസ്ഥലത്തേക്ക് പൊതുജനങ്ങൾക്ക് നേരിട്ട് പ്രവേശനം അനുവദിക്കില്ല.അത്യാവശ്യ സാഹചര്യങ്ങളിൽ ഓഫീസ് മേധാവിയെ നേരിൽ കാണാനും അനുമതി നൽകിയിട്ടുണ്ട്. ഓഫീസ് മേധാവിയെ നേരിൽ കാണുന്നതിന് ഫോൺ വഴി മുൻകൂട്ടി അറിയിക്കണമെന്നും നിർദേശമുണ്ട്.