ആയിരം കോടി രൂപയുടെ വിപിവിവി നിക്ഷേപത്തട്ടിപ്പ്; ഇ.ഡി അന്വേഷണം ആരംഭിച്ചു

 

ആയിരം കോടി രൂപയുടെ വിപിവിവി നിക്ഷേപത്തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു. ഷെഡ്യൂൾഡ് കുറ്റകൃത്യങ്ങളുടെ പരിധിയിൽ വരുന്ന വിപിവിവി തട്ടിപ്പിൽ രാജ്യത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഒട്ടേറെ കേസുകൾ റജിസ്റ്റർ ചെയ്ത സാഹചര്യത്തിലാണ് ഇ.ഡി അന്വേഷണം ആരംഭിച്ചത്.

തിരുവനന്തപുരം മെഡിക്കൽ കോളജ്, വർക്കല, കല്ലമ്പലം, കൊല്ലം കിളികൊല്ലൂർ, എറണാകുളം ചെങ്ങമനാട്, പാലാരിവട്ടം, കളമശേരി പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ വിവരങ്ങൾ ഇ.ഡി തേടി. പരാതിക്കാരിൽ നിന്ന് നഷ്ടമായ തുകയുടെ വിവരങ്ങളും തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകളും കൊച്ചി ഓഫീസിൽ ഹാജരാക്കാനും നിർദേശം നൽകി.

കിളികൊല്ലൂർ സ്വദേശിക്ക് നഷ്ടമായ 65 ലക്ഷം രൂപയുടെ തെളിവുകൾ ഇന്ന് ഇ.ഡി ഉദ്യോഗസ്ഥർക്ക് കൈമാറിയേക്കും. മറ്റു പരാതിക്കാരുമായും ഇ.ഡി ഉദ്യോഗസ്ഥർ ബന്ധപ്പെടുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും തട്ടിപ്പിന്റെ വ്യാപ്തിയും കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം.