വടക്കാഞ്ചേരിയിൽ വിദ്യാർത്ഥികളെ ബസിൽ കയറ്റാൻ വിസമ്മതിച്ച സംഭവം: കണ്ടക്ടറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

 

വടക്കാഞ്ചേരിയിൽ സ്‌കൂൾ വിദ്യാർത്ഥികളെ സ്വകാര്യ ബസിൽ കയറ്റാൻ വിസമ്മതിച്ച സംഭവത്തിൽ കണ്ടക്ടർ രാമദാസിനെതിരെ കർശന നടപടി. കണ്ടക്ടറുടെ ലൈസൻസ് മൂന്ന് മാസത്തിലേക്ക് സസ്‌പെന്‍ഡ് ചെയ്തു. കണ്ടക്ടര്‍ക്ക് ബോധവത്കരണവും നല്‍കും. വടക്കാഞ്ചേരി ജോയിന്റ് ആർടിഓ ഓഫീസിലേക്ക് വിളിച്ചു വരുത്തി വിശദീകരണം കേട്ട ശേഷമായിരുന്നു നടപടി.സ്വകാര്യബസില്‍ കയറാന്‍ കണ്ടക്ടറോട് യാചിക്കുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ദൃശ്യങ്ങള്‍ ചര്‍ച്ചയായിരുന്നു. വടക്കാഞ്ചേരി ബസ് സ്റ്റാന്‍ഡില്‍ നിന്നുള്ള ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായത്. നാല് വിദ്യാര്‍ത്ഥികളെ മാത്രം ബസില്‍ കയറ്റി യാത്ര ആരംഭിക്കുകയും മറ്റു വിദ്യാര്‍ത്ഥികള്‍ എത്ര ആവശ്യപ്പെട്ടിട്ടും കയറ്റാന്‍ വിസമ്മതിക്കുകയുമായിരുന്നു.കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിച്ചുള്ള പ്രിയദര്‍ശിനി പദ്ധതി നടപ്പാക്കിയതിലെ പ്രതികാരമാണ് വിദ്യാര്‍ത്ഥികളോട് സ്വകാര്യ ബസ് ജീവനക്കാര്‍ കാണിക്കുന്നതെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.സംഭവത്തിന് ശേഷം വടക്കാഞ്ചേരി പൊലീസും ബസ്റ്റാൻഡുകളിൽ പരിശോധന കർശനമാക്കി. ബസ്സുകാർക്കും ഉടമകൾക്കും താക്കീതു നൽകി. പ്രതിഷേധവുമായി വിദ്യാർത്ഥി സംഘടനകളും രംഗത്തെത്തി.