പ്രതിഷേധിക്കാൻ കാത്ത് നിന്നു; എസ്എഫ്‌ഐക്കാരെ പറ്റിച്ച് ഗവർണർ
കഴിഞ്ഞ ദിവസം വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും പ്രതിഷേധവുമായി എസ്.എഫ്.ഐ. എന്നാൽ പ്രതിഷേധമുണ്ടാകുമെന്ന് അറിഞ്ഞ്, പതിവ് റൂട്ട് മാറ്റിയാണ് ഗവർണർ പോയത്. അതിനാൽ പ്രതിഷേധക്കാർക്ക് ഗവർണറെ കാണാനായില്ല.
ഗവർണറുടെ പതിവ് വഴിയായ പാളയം-ജനറൽ ആശുപത്രി റോഡിലാണ് പ്രതിഷേധമുണ്ടായത്. ജനറൽ ആശുപത്രി ജംഗ്ഷനിൽ 'ഫിയർലെസ് 53' എന്ന ബാനറുമായാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. പാളയത്തും ചാക്കയിലും പ്രതിഷേധക്കാർ കാത്തുനിന്നു.പതിവ് റൂട്ടിൽ ഒന്നിലധികം ഇടങ്ങളിൽ പ്രതിഷേധമുണ്ടാകുമെന്ന രഹസ്യവിവരത്തെത്തുടർന്ന് രാജ്ഭവനിൽനിന്ന് പാളയം വഴി വരാതെ കുറവൻകോണം വഴിയാണ് ഗവർണർ വിമാനത്താവളത്തിലേക്ക് പോയത്.
വൈകിട്ട് 6.40ന് രാജ്ഭവനിൽ നിന്നിറങ്ങിയ ഗവർണർ ഏഴോടെ വിമാനത്താവളത്തിലെത്തി. മുംബയിലേക്കാണ് യാത്ര. ഏതാനും ദിവസം മുൻപ് ഗവർണർ വിമാനത്താവളത്തിൽനിന്ന് രാജ്ഭവനിലേക്ക് പോകുന്നതിനിടെ ജനറൽ ആശുപത്രി ജംഗ്ഷനിൽ എസ്.എഫ്.ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചിരുന്നു.