വഖഫ് ബോർഡിന് തുടരാം; അഡ്മിനിസ്‌ട്രേറ്റർ വേണ്ട; ഹൈക്കോടതി ഇടക്കാല ഉത്തരവ് തിരുത്തി സുപ്രീംകോടതി

 

കേരള വഖഫ് ബോർഡിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട ഹൈക്കോടതി ഇടക്കാല ഉത്തരവ് തിരുത്തി സുപ്രീംകോടതി.സർക്കാർ സെക്രട്ടറിയെ അഡ്‌മിനിസ്ട്രേറ്റർ ആയി നിയോഗിച്ച ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവാണ് സുപ്രിംകോടതി തിരുത്തിയത്. ഇതോടെ വഖഫ് ബോർഡ് സെക്രട്ടറിക്ക് എക്സ് ഒഫീഷ്യോ അംഗമായി തുടരാം. സർക്കാരിന് അഡ്‌മിനിസ്ട്രേറ്റർ വഴി നിയന്ത്രിക്കാൻ കഴിയുന്ന സാഹചര്യമാണ് ഇതോടെ ഒഴിവായത്. അതേസമയം, ബോർഡിന് നയപരമായ തീരുമാനങ്ങൾ എടുക്കുന്നതിലെ നിയന്ത്രണം തുടരും. ഹൈക്കോടതിയുടെ മേൽനോട്ടവും തുടരും.

കേരള വഖഫ് ബോർഡ് പ്രവർത്തനങ്ങൾ താൽക്കാലികമായി മരവിപ്പിച്ച ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരെ വഖഫ് ബോർഡ് സമർപ്പിച്ച അപ്പീൽ സുപ്രീം കോടതി പരി​ഗണിക്കുകയായിരുന്നു.സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.കേസിൽ ബിജെപി നേതാവ് ഷോൺ ജോർജ് അടക്കം തടസഹർജി സമർപ്പിച്ചിരുന്നു.