അപ്പർ കുട്ടനാടിലും തിരുവല്ലയിലും വെള്ളക്കെട്ട് അതിരൂക്ഷം; ദുരിതാശ്വാസ ക്യാമ്പുകളിൽ ആറായിരത്തിലേറെ പേർ, രണ്ടു മരണം

 

സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും പത്തനംതിട്ട ജില്ലയിലെ മഴക്കെടുതിയും വെള്ളക്കെട്ടും അതിരൂക്ഷമായി തുടരുന്നു. ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ് നിലനിൽക്കുകയാണ്. ആറന്മുള, റാന്നി, തിരുവല്ല, അടുമ്പട, അപ്പർ കുട്ടനാട് മേഖലകളിൽ സ്ഥിതി ഗുരുതരമാണ്. തിരുവല്ല തിരുമൂലപുരത്ത് എം.സി റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതക്കുരുക്ക് രൂക്ഷമായി. കൂടാതെ കടപ്ര, എടത്വ, വീയപുരം, ചെങ്ങന്നൂർ പാണ്ടനാട്, തിരുവൻവണ്ടൂർ മേഖലകളിലും വെള്ളക്കെട്ട് തുടരുകയാണ്.

തിരുവല്ലയിൽ മാത്രം ദുരിതാശ്വാസ ക്യാമ്പുകളിൽ ആറായിരത്തിലേറെ പേരാണ് കഴിയുന്നത്. ക്യാമ്പുകളുടെ എണ്ണം 150 കടന്നേക്കുമെന്നാണ് വിലയിരുത്തൽ. എന്നാൽ, ചാത്തങ്കരി ഉൾപ്പെടെയുള്ള അപ്പർ കുട്ടനാടൻ മേഖലകളിലെ ക്യാമ്പുകളിലേക്കും വെള്ളം കയറുന്നതായി തിരുവല്ല എം.എൽ.എ വർഗീസ് മാമ്മൻ വ്യക്തമാക്കി. സുരക്ഷ കണക്കിലെടുത്ത് വൈദ്യുതി ബന്ധം വിച്ഛേദിച്ചത് ചാത്തങ്കരി അടക്കമുള്ള പ്രദേശങ്ങളിലെ ആശുപത്രികളുടെ പ്രവർത്തനത്തെയും ക്യാമ്പുകളിലേക്ക് ഭക്ഷണം എത്തിക്കുന്നതിനെയും ബാധിച്ചിട്ടുണ്ട്.

അതിനിടെ, മഴക്കെടുതികളിൽപ്പെട്ട് രണ്ട് പേർ മരിച്ചു. ചെങ്ങന്നൂർ പാണ്ടനാട് മിത്രമഠം പാലത്തിന് സമീപം വെള്ളക്കെട്ടിൽ വീണ് പാണ്ടനാട് സ്വദേശി ശിവദാസനും, കോട്ടയം മണർകാട് ഒഴുക്കിൽപ്പെട്ട വാട്ടർടാങ്ക് പിടിക്കാൻ ശ്രമിക്കുന്നതിനിടെ പറമ്പുകര സ്വദേശി ശരണുമാണ് മരിച്ചത്. സീതത്തോട്ടിൽ കനത്ത മണ്ണിടിച്ചിലിൽ സദാനന്ദൻ എന്നയാളുടെ നിർമ്മാണത്തിലിരുന്ന വീട് പൂർണമായി തകർന്നു.