വയനാട് കള്ളാടി മണ്ണിടിച്ചിൽ: നാല് മൃതദേഹങ്ങൾ കൂടി കണ്ടെത്തി; മരണം ഏഴായി
വയനാട് കള്ളാടിയിലെ തുരങ്കപാത നിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ഇന്ന് നാല് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി ഉയർന്നു.സൈറ്റ് എൻജിനീയറായ ഹിമാചൽ പ്രദേശ് സ്വദേശി രാഹുൽ ശർമ, എക്സ്‌കവേറ്റർ ഓപ്പറേറ്ററായ ബിഹാർ സ്വദേശി മുഹമ്മദ് ഇമ്രാൻ, ഉത്തർപ്രദേശ് സ്വദേശിയായ സർവേയർ അസ്ഹറുദ്ദീൻ അൻസാരി എന്നിവരുടെ മൃതദേഹവും തിരിച്ചറിയാത്ത ഒരു മൃതദേഹവുമാണ് കണ്ടെത്തിയത്.
മധ്യപ്രദേശ് സ്വദേശി ചന്ദ്രബാൻ പാൽ, ബിഹാർ സ്വദേശി ബികാസ് കുമാർ സിങ്, ഝാർഖണ്ഡ് സ്വദേശി അൻമോൽ ദൊഡരായ് എന്നിവരുടെ മൃതദേഹങ്ങൾ നേരത്തെ കണ്ടെത്തിയിരുന്നു. കൺസ്ട്രക്ഷൻ മാനേജർ വിക്രം റാണ, സർവേയർ രാകേഷ് ഗുച്ചൈത് എന്നിവരെയാണ് ഇനി കണ്ടെത്താനുണ്ടായിരുന്നത്. ഇവരിൽ ഒരാളുടെ മൃതദേഹമാണ് അവസാനം ലഭിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ഇന്ന് രാവിലെ നടന്ന തിരച്ചിലിൽ സോൺ ഒന്നിൽ നിന്നാണ് മുഹമ്മദ് ഇമ്രാന്റെയും രാഹുൽ ശർമയുടെയും മൃതദേഹങ്ങൾ ലഭിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ പുഴയോട് ചേർന്നുള്ള മൂന്നാം സോണിൽ നിന്ന് അസ്ഹറുദ്ദീൻ അൻസാരിയുടെ മൃതദേഹവും കണ്ടെത്തുകയായിരുന്നു.
ദുരന്തമുണ്ടായ കള്ളാടിയില്‍ തിരച്ചില്‍ മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇന്നലെ നടത്തിയ തിരിച്ചിലില്‍ ആരെയും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. കഡാവര്‍ നായകള്‍ അടക്കം തിരിച്ചലിനായി എത്തിച്ചിട്ടുണ്ട്. ഇന്നലെ രാത്രി മുതല്‍ തുടരുന്ന ശക്തമായ മഴയും പുഴയിലെ ഒഴുക്കും തിരച്ചിലിന് തടസ്സമാകുന്നുണ്ട്. മന്ത്രിമാരായ ടി സിദ്ദിഖ്, എ.പി അനില്‍കുമാര്‍ എന്നിവര്‍ ജില്ലയില്‍ തുടരുന്നുണ്ട്. ദുരന്തം അനേഷിക്കാനുള്ള പ്രത്യേക സമിതി ഇന്ന് രൂപീകരിക്കും. പ്രതിപക്ഷനേതാവ് പിണറായി വിജയന്‍ ഇന്ന് ദുരന്തസ്ഥലമായ കള്ളാടി സന്ദര്‍ശിക്കും.