വയനാട് മണ്ണിടിച്ചിൽ: രണ്ട് ജില്ലകളിൽ റെഡ് അലർട്ട്, രക്ഷാപ്രവർത്തനം തുടരുന്നു
കനത്ത മഴയിൽ വയനാട് കള്ളാടിയിൽ തുരങ്കപാത നിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലിൽ വയനാട്, കോഴിക്കോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഈ പ്രദേശത്ത് 265 മില്ലിമീറ്റർ മഴ ലഭിച്ചതായാണ് റിപ്പോർട്ട്
വയനാട് കള്ളാടിയിൽ മീനാക്ഷി പാലത്തിന് സമീപമാണ് അപകടമുണ്ടായത്. പയനാട്-കള്ളാടി തുരങ്കപാത പദ്ധതിക്കായി എടുത്ത മണ്ണ് നിരങ്ങി പാലത്തിനും നിർമാണ മേഖലയിലേക്കും പതിക്കുകയായിരുന്നു. മണ്ണ് വീണതോടെ പാലവും അപകടാവസ്ഥയിലാണ്.
അഞ്ചുപേരെ മണ്ണിനടിയിൽ നിന്ന് പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. ഇവരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. തൊഴിലാളികളുമായി എത്തിയ വാഹനങ്ങളും വിശ്രമിക്കാൻ ഉപയോഗിച്ചിരുന്ന ഷെഡുകളും മണ്ണിനടിയിൽപ്പെട്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു. തൊഴിലാളികളുമായി എത്തിയ രണ്ട് ബസുകൾ മണ്ണിനടിയിൽ കുടുങ്ങിയതായും സംശയമുണ്ട്.
ഒരു വീടും പള്ളിയും പൂർണമായും തകർന്നു. പ്രദേശത്തെ ബസ് സ്റ്റോപ്പും മണ്ണിനടിയിലായി. അപകടസാധ്യത കണക്കിലെടുത്ത് സമീപ പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റിത്തുടങ്ങി.എത്ര പേർ മണ്ണിനടിയിൽപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായിട്ടില്ല. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
സംസ്ഥാനത്ത് ഇന്ന് വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.