തിരഞ്ഞെടുപ്പിൽ തിരിച്ചടിയേറ്റാൽ എല്ലാം അവസാനിച്ചെന്ന് കരുതുന്നവരല്ല ഞങ്ങൾ: പിണറായി വിജയൻ
തിരഞ്ഞെടുപ്പ് തിരിച്ചടികളിൽ പതറിപ്പോകുന്ന പ്രസ്ഥാനമല്ല ഇടതുപക്ഷമെന്നും പരാജയങ്ങളെ അതിജീവിച്ച ചരിത്രമാണ് തങ്ങൾക്കുള്ളതെന്നും മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ. വലതുപക്ഷ ശക്തികളും മാധ്യമങ്ങളും ഇതിനെ ഇടതുപക്ഷത്തിന്റെ തകർച്ചയായി ചിത്രീകരിക്കാൻ ശ്രമിക്കുകയാണ്. എന്നാൽ ജനവിധി ഉൾക്കൊണ്ടുകൊണ്ട് പാർട്ടി കൂടുതൽ കരുത്തോടെ ജനങ്ങളിലേക്ക് ഇറങ്ങുമെന്നും തളിപ്പറമ്പിൽ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പിലെ പരാജയങ്ങളോ പ്രതീക്ഷിക്കാത്ത വിധത്തിലുള്ള ജനവിധിയോ ആദ്യമായിട്ടല്ല ഉണ്ടാകുന്നതെന്നും തിരിച്ചടിയേറ്റാൽ അതോടെ എല്ലാം അവസാനിച്ചെന്ന് കരുതുന്നവരല്ല തങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, പ്രശ്നത്തെ പാർട്ടി അതീവ ഗൗരവത്തോടെ കാണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്ത് ഏറെ പ്രാധാന്യമുണ്ടായിരുന്ന 1977-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാജ്യം മുഴുവൻ കോൺഗ്രസ് പരാജയപ്പെട്ടപ്പോൾ കേരളത്തിൽ അവർ വലിയ വിജയം നേടി. അന്ന് ഇടതുപക്ഷത്തിന് 15 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. എന്നാൽ മാസങ്ങൾക്കുള്ളിൽ തന്നെ കേരളത്തിലെ ജനങ്ങൾ യാഥാർഥ്യം തിരിച്ചറിയാൻ തുടങ്ങി. തുടർന്ന് വന്ന കാസർകോട്, തലശ്ശേരി, തിരുവല്ല, നേമം എന്നീ ഉപതിരഞ്ഞെടുപ്പുകളിൽ സി.പി.ഐ.എം അടങ്ങുന്ന മുന്നണി വിജയിച്ചു വരികയും 1980-ൽ ആ മാറ്റം പ്രതിഫലിക്കുകയും ചെയ്തതായി അദ്ദേഹം ഓർമ്മിപ്പിച്ചു.
1965 മുതൽ 2021 വരെയുള്ള തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാൽ ഇടതുപക്ഷ വിരുദ്ധ പ്രചാരണങ്ങളുടെ കുത്തൊഴുക്കിനെ ചില മണ്ഡലങ്ങൾ ശക്തമായി അതിജീവിച്ചിട്ടുണ്ടെന്നും ഇത്തരം കുപ്രചാരണങ്ങളെ അതിജീവിച്ചാണ് പ്രസ്ഥാനം എക്കാലത്തും നിലകൊണ്ടിട്ടുള്ളതെന്നും പിണറായി വിജയൻ വ്യക്തമാക്കി.