പെൺകുട്ടികളെ പരിശീലിപ്പിക്കാൻ വനിതാ കോച്ച് വേണം; കെ.സി.എയ്ക്ക് മനുഷ്യാവകാശ കമ്മീഷൻ നിർദേശം

 

സ്ത്രീകൾക്കും പെൺകുട്ടികൾക്കും ക്രിക്കറ്റ് പരിശീലനം നൽകാൻ വനിതാ കോച്ചിനെ നിയമിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് കേരള ക്രിക്കറ്റ് അസോസിയേഷന് (കെ.സി.എ) നിർദ്ദേശം നൽകി. തിരുവനന്തപുരം ജില്ലാ അസോസിയേഷനിലെ അസിസ്റ്റന്റ് കോച്ചിനെതിരെ പ്രായപൂർത്തിയാകാത്ത പെൺകുട്ടി നൽകിയ പീഡനാരോപണത്തിന്റെ പശ്ചാത്തലത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്. നിലവിൽ കന്റോൺമെന്റ് പോലീസ് ഇയാൾക്കെതിരെ 6 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

വനിതാ കോച്ചുകൾ ലഭ്യമല്ലെങ്കിൽ പരിശീലന സമയത്ത് മുതിർന്ന വനിതാ ഉദ്യോഗസ്ഥയുടെ സാന്നിധ്യം ഉറപ്പാക്കണം. വസ്ത്രം മാറുന്ന മുറികളിൽ പുരുഷന്മാർക്ക് പ്രവേശനം പൂർണമായും നിഷേധിക്കുകയും ആവശ്യമെങ്കിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കുകയും വേണം. രക്ഷകർത്താക്കൾ ആവശ്യപ്പെട്ടാൽ പരിശീലന സ്ഥലത്ത് തുടരാൻ അനുവദിക്കണമെന്നും, സി.സി.ടി.വി സ്ഥാപിച്ചു രണ്ടു മൂന്ന് ദിവസത്തിലൊരിക്കൽ ദൃശ്യങ്ങൾ പരിശോധിച്ച് അസ്വാഭാവികത കണ്ടാൽ പൊലീസിനെ അറിയിക്കണമെന്നും കമ്മീഷൻ വ്യക്തമാക്കി. പരാതികൾ ലഭിച്ചാൽ ഉടൻ പൊലീസിന് കൈമാറണം.

പോക്സോ കേസിൽ വിചാരണ നേരിടുന്ന ഈ പരിശീലകനുമായി മറ്റ് അസോസിയേഷനുകൾ സഹകരിക്കരുതെന്ന കെ.സി.എയുടെ തീരുമാനം ജില്ലാ അസോസിയേഷനുകൾ നടപ്പാക്കണം. ഇതിനുപുറമേ ജീവനക്കാർക്ക് പോലീസ് ക്ലിയറൻസ് നിർബന്ധമാക്കുക, ചൈൽഡ് പ്രൊട്ടക്ഷൻ പോളിസി നടപ്പിലാക്കുക, കൗൺസിലിങ്ങും ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റിയും രൂപീകരിക്കുക തുടങ്ങിയ കെ.സി.എയുടെ സുരക്ഷാ നടപടികൾ കൃത്യമായി പാലിക്കണമെന്നും കമ്മീഷൻ നിർദേശിച്ചു.