യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ സ്വാഗതം ചെയ്യുന്നു; മേയർ വി.വി. രാജേഷ്
തിരുവനന്തപുരം കോർപ്പറേഷനിൽ ഭരണസ്തംഭനമെന്ന് ആരോപിച്ച് യുഡിഎഫ് കൊണ്ട് വരാൻ ഒരുങ്ങുന്ന അവിശ്വാസ പ്രമേയത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മേയർ വി.വി. രാജേഷ് പറഞ്ഞു.ജൂൺ 29-ന് കൗൺസിൽ യോഗം നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്നും അതിനുള്ള അജണ്ടയ്ക്ക് ഇതിനകം അംഗീകാരം നൽകിയിട്ടുണ്ടെന്നും മേയർ വ്യക്തമാക്കി.
തിരുവനന്തപുരം കോർപ്പറേഷനിൽ ഇന്നലെയുണ്ടായ എൽഡിഎഫ്-ബിജെപി കൺസിലർമാർ തമ്മിലുള്ള സംഘർഷത്തിലും തുടർ സംഭവങ്ങളിലും മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മേയർ.കാലിന് പൊട്ടൽ ഇല്ല. ഡിസ്ലോക്കേഷൻ ഉണ്ട്. ഡെപ്യൂട്ടി മേയർക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. രാത്രിയോടെ ഡിസ്‌ചാർജ് ആയി. മേയർ ഓഫീസിൽ വരുന്നത് തടയുന്നത്, ജനങ്ങളെ ബുദ്ധിമുട്ടിക്കലാണ്. ഓഫീസ് പ്രവർത്തനം തടസ്സപ്പെടുത്തുന്നത് സമ്മതിക്കില്ല.കൗൺസിലർമാർ അല്ലാത്ത പൊതുപ്രവർത്തകർ നഗരസഭയ്ക്ക് ഉള്ളിൽ കയറി സമരം ചെയ്യരുത്. ശിവൻകുട്ടി പറയുന്നത് കോമഡിയാണ്. കൗൺസിലർ സുഗതൻ്റെ ജാമ്യത്തിനായി കോടതിയെ സമീപിക്കുമെന്നും മേയർ പറഞ്ഞു.
അതേസമയം, അവിശ്വാസ പ്രമേയം കൊണ്ടുവരുന്ന കാര്യത്തിൽ തീരുമാനം വൈകിട്ട് ചേരുന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ ഉണ്ടാകും.101 അംഗങ്ങളുള്ള തിരുവനന്തപുരം കോർപറേഷനിൽ ബിജെപിക്ക് 50 സീറ്റുകളാണുള്ളത്. ഒരു സ്വതന്ത്ര അംഗത്തിന്റെ പിന്തുണയോടെയാണ് ബിജെപി ഭരണത്തിൽ തുടരുന്നത്. യുഡിഎഫിന് 20 സീറ്റും എൽഡിഎഫിന് 29 സീറ്റുമാണുള്ളത്. കൂടാതെ യുഡിഎഫ് വിമതനായി വിജയിച്ച ഒരു സ്വതന്ത്ര അംഗവുമുണ്ട്. അതേസമയം, ബിജെപി കൗൺസിലർ ആർ. സുഗതൻ കാപ്പ കേസുമായി ബന്ധപ്പെട്ട് ജയിലിലായതിനാൽ അയോഗ്യനാകാനുള്ള സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ യുഡിഎഫ്, എൽഡിഎഫ്, യുഡിഎഫ് വിമത സ്വതന്ത്രൻ എന്നിവർ ഒരുമിച്ചാൽ ഭരണപക്ഷത്തിനെതിരെ 50 വോട്ടുകൾ സമാഹരിക്കാനാകും.