‘പീഡനക്കേസ് പ്രതിക്ക് ആഭ്യന്തരമന്ത്രിയുടെ ഓഫീസിൽ എന്തുകാര്യം?’: രണ്ടുനിയമമെന്ന് ആകാശ് തില്ലങ്കേരി
സംസ്ഥാനത്ത് രണ്ട് തരം നിയമമാണോ നിലവിലുള്ളതെന്നും അർജുൻ ആയങ്കിക്ക് ഒരു നിയമവും രാഹുൽ മാങ്കൂട്ടത്തിലിന് മറ്റൊരു നിയമവുമാണോ എന്നും ചോദ്യമുയർത്തി ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി. അർജുൻ ആയങ്കിയുടെ അറസ്റ്റിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ ആഭ്യന്തര വകുപ്പ് മന്ത്രിയുടെ ഓഫീസ് സന്ദർശിച്ച സംഭവം ചൂണ്ടിക്കാട്ടിയാണ് ആകാശ് രംഗത്തെത്തിയിരിക്കുന്നത്.
കോൺഗ്രസ് നേതാവ് കെ.എം. ഹാരിസ് ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച ചിത്രമാണ് ആകാശിന്റെ ചോദ്യത്തിന് ആധാരം. രാഹുൽ മാങ്കൂട്ടത്തിലിനെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഓഫീസിൽ കണ്ടുമുട്ടിയെന്ന് വ്യക്തമാക്കുന്നതാണ് ഈ ചിത്രം.
'മൂന്ന് പീഡന കേസ്സുകളിൽ പ്രതി ചേർക്കപ്പെട്ട,അതിന്റെ പേരിൽ ഇത്തവണ പാലക്കാട് സീറ്റ് നിഷേധിക്കപ്പെട്ട,കോൺഗ്രസ്സ് പാർട്ടിയിൽ നിന്ന് തന്നെ പുറത്താക്കിയിട്ടുള്ള രാഹുൽ മാങ്കൂട്ടത്തിൽ എന്ന പെർവെർട്ടിന് സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രിയുടെ ഓഫീസിൽ എന്താണ് കാര്യം?' ഹാരിസിന്റെ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് ആകാശ് തില്ലങ്കേരി ചോദിച്ചു.
'സ്വന്തം ജില്ലയായ പത്തനംതിട്ടയിൽ പ്രളയജലം വന്ന് നിറഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരത്ത് ക്യാമ്പ് ചെയ്ത് താൻ പ്രതിയാക്കപ്പെട്ടിട്ടുള്ള കേസുകളിലെ അന്വേഷണ ഉദ്യോഗസ്ഥയായ പൂങ്കുഴലി ഐ.പി.എസ്സിനെ കേസ്സന്വേഷണ ചുമതലയിൽ നിന്ന് ഒഴിവാക്കാനായുള്ള ചരടുവലികൾ നടത്തുകയായിരുന്നു ഇയാൾ എന്നാണറിവ്. അടുത്തിടെയായി ആഭ്യന്തരമന്ത്രിയുടെ ഓഫീസിലെ സ്ഥിരം സന്ദർശകനാണത്രേ ഇദ്ദേഹം' എന്നും ആകാശ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു.
നിമയം എല്ലാവർക്കും തുല്യമായിരിക്കണം.ആയങ്കിക്ക് ഒരു നിയമവും,രാഹുലിന് മറ്റൊരു നിയമവും എന്നത് പാടില്ല. അതായത്, രണ്ടും കൂടി ഒരുമിച്ച് വേണ്ടാ... എന്നും ആകാശ് കൂട്ടിച്ചേർത്തു.