എന്താണ് ധവളപത്രം അല്ലെങ്കിൽ വൈറ്റ് പേപ്പർ??

 

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം പുറത്തിറക്കിയിരിക്കുകയാണ് യുഡിഎഫ് സർക്കാർ.കേരളത്തിൽ ആദ്യമായല്ല ധവളപത്രം ഇറക്കുന്നത്. ഇതിന് മുൻപ് നാല് സർക്കാരുകൾ സാമ്പത്തിക ധവളപത്രം ഇറക്കിയിട്ടുണ്ട്.ഒരു സർക്കാരിന്റെ കൃത്യമായ സാമ്പത്തിക നിലവാരം, വരുമാന സ്രോതസ്സുകൾ, കടബാധ്യതകൾ, ഭാവിയിലെ സാമ്പത്തിക വെല്ലുവിളികൾ എന്നിവ വ്യക്തമാക്കുകയാണ് ധവളപത്രത്തിന്റെ പ്രധാന ലക്ഷ്യം. ട്രഷറിയിലെ പണലഭ്യത, റവന്യൂ കമ്മി, സംസ്ഥാനത്തിന്റെ ആകെ കടം എന്നിവയുടെ കൃത്യമായ കണക്കുകൾ ധവളപത്രത്തിൽ രേഖപ്പെടുത്തിയിരിക്കും. നികുതി പിരിവിലെ പോരായ്മകളും തടസ്സപ്പെട്ടുകിടക്കുന്ന പദ്ധതികളും ചൂണ്ടിക്കാട്ടി പൊതുജനങ്ങളെയും നിയമസഭയെയും സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി ബോധ്യപ്പെടുത്തുകയാണ് ഈ റിപ്പോർട്ടിന്റെ ലക്ഷ്യം.

സാധാരണയായി പുതിയൊരു സർക്കാർ അധികാരമേൽക്കുമ്പോഴാണ് മുൻ സർക്കാരിന്റെ സാമ്പത്തിക മാനേജ്‌മെന്റ് വിലയിരുത്താൻ വേണ്ടി ധനകാര്യ ധവളപത്രങ്ങൾ പുറത്തിറക്കാറുള്ളത്. 1987ലാണ് കേരളത്തിൽ ആദ്യമായി ധവളപത്രം ഇറക്കുന്നത്. ഇ കെ നായനാർ സർക്കാർ അധികാരത്തിൽ വന്നപ്പോൾ ധനമന്ത്രി വിശ്വനാഥ മേനോനാണ് ധവളപത്രം നിയമസഭയിൽ അവതരിപ്പിച്ചത്. 2001എ കെ ആന്റണി സർക്കാർ അധികാരമേറ്റപ്പോൾ അന്നത്തെ ധനമന്ത്രി കെ ശങ്കരനാരായണനും വൈറ്റ് പേപ്പർ പുറത്തിറക്കി. പിന്നീട് 2011ൽ ഉമ്മൻ ചാണ്ടി സർക്കാർ അധികാരമേറ്റപ്പോഴും ധവളപത്രം ഇറക്കി. ധനമന്ത്രിയായിരുന്ന കെഎം മാണിയാണ് അന്ന് ധവളപത്രം നിയമസഭയിൽ അവതരിപ്പിച്ചത്. 2016ൽ ഒന്നാം പിണറായി സർക്കാരും ധവളപത്രം ഇറക്കിയിട്ടുണ്ട്. ടി എം തോമസ് ഐസക്കാണ് ധവളപത്രം അവതരിപ്പിച്ചത്.ഇന്ന് വി ഡി സതീശൻ സർക്കാർ നിയമസഭയിൽ അവതരിപ്പിച്ചത് കേരളത്തിന്റെ അഞ്ചാം ധവളപത്രമാണ്. സംസ്ഥാനത്തിന്റെ യഥാർത്ഥ സാമ്പത്തിക സ്ഥിതി മനസ്സിലാക്കാനും സർക്കാറിന്റെ മുന്നിലുള്ള വെല്ലുവിളികൾക്ക് മുൻകൂട്ടി പരിഹാരം കാണാനും ധവളപത്രം സഹായകമാവും