പുതിയ സർക്കാർ വരുമ്പോൾ ഉദ്യോഗസ്ഥരെ മാറ്റുന്നത് സ്വാഭാവികം; ദിവ്യ എസ്. അയ്യരുടെ സ്ഥലം മാറ്റത്തിൽ കെ.കെ. ശൈലജ

 

ഡോ. ദിവ്യ എസ്. അയ്യരെ വിഴിഞ്ഞം പോർട്ട് എം.ഡി സ്ഥാനത്തുനിന്ന് മാറ്റിയതുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങളിൽ പ്രതികരണവുമായി മുൻ മന്ത്രി കെ.കെ. ശൈലജ. പുതിയ സർക്കാർ അധികാരത്തിൽ വരുമ്പോൾ ഉദ്യോഗസ്ഥരെ മാറ്റുന്നത് സ്വാഭാവിക നടപടി മാത്രമാണെന്നും ഇതിനെ വലിയ വിവാദമാക്കേണ്ട കാര്യമില്ലെന്നും അവർ പറഞ്ഞു. ഉദ്യോഗസ്ഥരുടെ മാറ്റം ഭരണപരമായ കാര്യങ്ങളുടെ ഭാഗമാണ്. മനഃപൂർവ്വം ആരെങ്കിലും മാറ്റിയതാണോ എന്ന് തനിക്ക് അറിയില്ലെന്നും അവർ വിശദീകരിച്ചു.

വിഴിഞ്ഞം പോർട്ട് എം.ഡിയെ തിടുക്കപ്പെട്ട് മാറ്റിയതിൽ യു.ഡി.എഫ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി നിലപാടിനെ പൂർണ്ണമായി പിന്തുണയ്ക്കാതെ കെ.കെ. ശൈലജയുടെ പ്രതികരണം വന്നത്.

വിഴിഞ്ഞം കരാറിലെ വ്യവസ്ഥകളിൽ അദാനി ഗ്രൂപ്പ് മാറ്റങ്ങൾ വരുത്താൻ ശ്രമിച്ചപ്പോഴെല്ലാം സംസ്ഥാന താൽപ്പര്യാർത്ഥം അതീവ ജാഗ്രതയോടെ ഇടപെട്ട ഉദ്യോഗസ്ഥയായിരുന്നു ഡോ. ദിവ്യ എസ്. അയ്യരെന്ന് കെ.കെ. രാഗേഷ് ഫെയ്‌സ്ബുക്കിൽ കുറിച്ചിരുന്നു. അദാനി അധികൃതർക്ക് ഇത് അന്നേ രസിച്ചിരുന്നില്ലെന്നും മുൻപ് അവരെ മാറ്റാൻ സമ്മർദ്ദമുണ്ടായപ്പോൾ "പോർട്ടിന്റെ കാര്യം നിങ്ങൾ നോക്കിയാൽ മതി, ഞങ്ങളുടെ ഉദ്യോഗസ്ഥരുടെ കാര്യം ഞങ്ങൾ നോക്കിക്കോളാം" എന്ന് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ഉറച്ച നിലപാടെടുത്തതായും രാഗേഷ് വ്യക്തമാക്കി. എന്നാൽ പുതിയ ഭരണമാറ്റം ഉണ്ടായ ഉടനെ തന്നെ ദിവ്യ എസ്. അയ്യരെ സ്ഥലംമാറ്റി, പകരം ഒട്ടും അനുഭവപരിജ്ഞാനമില്ലാത്ത ഉദ്യോഗസ്ഥനെ നിയമിക്കാനുള്ള കാരണമെന്താണെന്ന് നിലവിലെ മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും രാഗേഷ് ആവശ്യപ്പെട്ടിരുന്നു.