പാലായിൽ വിപ്പ് ലംഘനം; നാല് വിമത കൗൺസിലർമാർക്കും ചെയർപേഴ്‌സനും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
കോട്ടയം പാലായിൽ വിപ്പ് ലംഘിച്ചെന്ന പരാതിയിൽ നാല് വിമത കൗൺസിലർമാർക്കും ചെയർപേഴ്‌സൺ മായാ രാഹുലിനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. പരാതികളിൽ വാദം കേൾക്കുന്നതിനായി ഈ മാസം 22ന് നേരിട്ട് ഹാജരാകാനാണ് നിർദേശം. കോൺഗ്രസ് വിട്ട നാല് വിമത കൗൺസിലർമാർക്കാണ് നോട്ടീസ് നൽകിയത്. കൂറുമാറ്റ നിരോധന നിയമപ്രകാരമാണ് നടപടി.
എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ വിമത കൗൺസിലർമാർ പിന്തുണച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡിസിസി പ്രസിഡന്റ് കൂറുമാറ്റ നിരോധന നിയമപ്രകാരം തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയത്. നോട്ടീസ് ലഭിച്ചവർ കമ്മീഷന് മുന്നാകെ വിശദീകരണം നൽകണം. പരാതിക്കാരുടെയും എതിർകക്ഷികളുടെയും വാദം കമ്മീഷൻ കേൾക്കും.
പാലാ നഗരസഭയിൽ മുൻ ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കകണ്ടം അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായതിന് പിന്നാലെയാണ് മായാ രാഹുലിനെ ചെയർപേഴ്‌സണായി തിരഞ്ഞെടുത്തത്. എൽഡിഎഫും കോൺഗ്രസ് വിമതരും ഒന്നിച്ചതോടെ 26 അംഗ കൗൺസിലിൽ മായാ രാഹുലിന് 16 വോട്ട് ലഭിച്ചു. യുഡിഎഫ് സ്ഥാനാർഥി റിയ ചീരാംകുഴിക്ക് 10 വോട്ടാണ് ലഭിച്ചത്.
പാലാ മുനിസിപ്പൽ കൗൺസിലിൽ രണ്ടാം തവണയും വിജയിച്ച മായാ രാഹുൽ 19-ാം വാർഡിനെയാണ് പ്രതിനിധീകരിക്കുന്നത്.