'ആരാണ് അയാൾ? കേട്ടിട്ട് പോലുമില്ല'; ബി. ഗോപാലകൃഷ്ണന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി രഞ്ജിനി ഹരിദാസ്
ഡൽഹി ജന്തർ മന്ദറിലെ വിദ്യാർത്ഥി സമരത്തിൽ പങ്കെടുത്തത് പണം വാങ്ങിയിട്ടാണെന്ന ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്റെ ആരോപണത്തിൽ രൂക്ഷമായ പ്രതികരണവുമായി രഞ്ജിനി ഹരിദാസ്. പണം വാങ്ങിയിട്ടുണ്ടെങ്കിൽ അത് തെളിവ് സഹിതം വന്ന് തെളിയിക്കാൻ രഞ്ജിനി വെല്ലുവിളിച്ചു. സി.ജെ.പി പ്രസിഡന്റ് അഭിജീത്ത് ദീപ്‌കെയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സിജ റോസ്, ജാൻമണി എന്നിവർക്കൊപ്പമാണ് രഞ്ജിനി വേദിയിലെത്തിയത്.
പണം കൊടുത്ത് ആളുകളെ കൊണ്ടുവരുന്ന ശീലം ഗോപാലകൃഷ്ണന് ഉള്ളതുകൊണ്ടാകാം ഇത്തരം ആരോപണം ഉന്നയിക്കുന്നതെന്ന് രഞ്ജിനി പരിഹസിച്ചു. "ആരാണ് ഈ പറയുന്നയാൾ, പേര് കേട്ടിട്ട് പോലുമില്ല. കൈയ്യിൽ തെളിവുണ്ടെങ്കിൽ എന്റെ വീട്ടിലേക്ക് വരട്ടെ, നമുക്ക് ഒരു മേശയുടെ അപ്പുറത്തും ഇപ്പുറത്തുമിരുന്ന് സംസാരിക്കാം," രഞ്ജിനി വ്യക്തമാക്കി.
സ്റ്റേജ് ഷോകൾ ഇല്ലാത്തതിനാലാണ് രഞ്ജിനി പണം വാങ്ങി സമരത്തിനെത്തിയതെന്നായിരുന്നു ബി. ഗോപാലകൃഷ്ണന്റെ പ്രസ്താവന. എന്നാൽ മാറ്റത്തിന് വേണ്ടി ശബ്ദമുയർത്താനാണ് താൻ എത്തിയതെന്നും വിമർശനങ്ങൾ തന്നെ ബാധിക്കില്ലെന്നും തീയിൽ കുരുത്തതാണ് താനെന്നും രഞ്ജിനി കൂട്ടിച്ചേർത്തു.