'വൈദ്യുതി കരാര്‍ രേഖകള്‍ പുറത്തുവിടാന്‍ മടി എന്തിന്?' മുഖ്യമന്ത്രി ഒളിച്ചോടാന്‍ ശ്രമിക്കുന്നെന്ന് പിണറായി
വൈദ്യുതി വാങ്ങല്‍ കരാറുമായി ബന്ധപ്പെട്ട ഗുരുതരമായ ആരോപണങ്ങള്‍ക്ക് വ്യക്തത നല്‍കുന്നതിനു പകരം ദുരൂഹതയും അവ്യക്തതയും സൃഷ്ടിച്ച് ഒളിച്ചോടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. മുന്നില്‍ വന്ന ഫയലിന്റെ അടിസ്ഥാനത്തിലാണ് താന്‍ അന്തിമ തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി സമ്മതിച്ചിട്ടുണ്ടെങ്കിലും, കെഎസ്ഇബി സാങ്കേതികവും സാമ്പത്തികവുമായ പരിശോധന നടത്തി സര്‍ക്കാരിന് സമര്‍പ്പിച്ച ഹിമാചല്‍ വൈദ്യുതി വാങ്ങാനുള്ള പ്രൊപ്പോസല്‍ എന്തിന്റെ അടിസ്ഥാനത്തിലാണ് അട്ടിമറിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കണമെന്ന് പിണറായി വിജയൻ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
വകുപ്പ് മന്ത്രി ഉദ്യോഗസ്ഥതല ചര്‍ച്ചകള്‍ക്കു ശേഷം ഹിമാചല്‍ വൈദ്യുതി വാങ്ങാമെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയിരുന്നത്. എന്നിട്ടും ജിഎന്‍എയുടെ ദുരൂഹ ഓഫര്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചത് ഏത് നിയമത്തിന്റെയും മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെന്ന് പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ജിഎന്‍എ ഓഫര്‍ വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന് കെഎസ്ഇബി സര്‍ക്കാരിനെ അറിയിച്ചിരുന്നോ എന്നും ചീഫ് എന്‍ജിനീയറുടെ വിശദ പരിശോധനാ റിപ്പോര്‍ട്ട് ഉണ്ടായിരുന്നോ എന്നുമുള്ള ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിക്ക് ഉത്തരമില്ല.
കെഎസ്ഇബി എംഡി ആയിരുന്ന രാജമാണിക്യം എഴുതിയ കുറിപ്പിലെ ഏതാനും വരികള്‍ അടര്‍ത്തിയെടുത്ത് കാണിച്ചതുകൊണ്ട് ബോര്‍ഡ് ഉയര്‍ത്തിയ എതിര്‍പ്പ് ഇല്ലാതാകില്ല. മുഖ്യമന്ത്രിക്ക് ഒന്നും മറയ്ക്കാനില്ലെങ്കില്‍ ബന്ധപ്പെട്ട ഫയലും സര്‍ക്കാരിന് ലഭിച്ച കത്തും പൂര്‍ണമായി പുറത്തുവിടാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. നവംബര്‍ 1 മുതല്‍ 2027 മാര്‍ച്ച് 31 വരെ ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ട സാഹചര്യമില്ലെന്ന് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ടോ എന്ന കാര്യത്തിലും മുഖ്യമന്ത്രി വ്യക്തത വരുത്തണം.
ജിഎന്‍എ വൈദ്യുതി ഉത്പാദകരോ ലൈസന്‍സുള്ള വ്യാപാരിയോ അല്ലെന്നും വെറുമൊരു ഡിജിറ്റല്‍ പ്ലാറ്റ്ഫോം മാത്രമാണെന്നും വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നു. അങ്ങനെയൊരു പ്ലാറ്റ്ഫോമിന് സ്വന്തം നിലയില്‍ വൈദ്യുതി വില്‍ക്കാന്‍ എന്ത് അധികാരമാണുള്ളത്? ഈ ചോദ്യത്തിന് മറുപടി പറയാതെ കഴിഞ്ഞ സര്‍ക്കാരും അവരില്‍ നിന്ന് വൈദ്യുതി വാങ്ങിയിട്ടുണ്ടെന്ന വാദമാണ് മുഖ്യമന്ത്രി ആവര്‍ത്തിക്കുന്നത്. എല്‍ഡിഎഫ് ഭരണകാലത്ത് ടെന്‍ഡറോ റെഗുലേറ്ററി കമ്മഷേധത്തിന്റെ അനുമതിയോ ഇല്ലാതെ ഒരു യൂണിറ്റ് വൈദ്യുതിയെങ്കിലും വാങ്ങാന്‍ കരാറുണ്ടാക്കിയിട്ടുണ്ടെങ്കില്‍ അതിന്റെ രേഖ പുറത്തുവിടാന്‍ പ്രതിപക്ഷ നേതാവ് വെല്ലുവിളിച്ചു.
സിഇആര്‍സിയും സെബിയും അന്വേഷണം നടത്തുന്ന സംശയാസ്പദ പശ്ചാത്തലമുള്ള ഒരു കമ്പനിയില്‍ നിന്നാണ് വിപണി നിരക്ക് യൂണിറ്റിന് അഞ്ചു രൂപയോളം മാത്രമായിരിക്കെ 8.63 രൂപയ്ക്കും 8.90 രൂപയ്ക്കും വൈദ്യുതി വാങ്ങാന്‍ ശ്രമിച്ചത്. 'ഉദ്യോഗസ്ഥര്‍ കൊണ്ടുവരുന്ന ഫയലില്‍ കണ്ണടച്ച് ഒപ്പിടാനല്ല സര്‍ക്കാര്‍' എന്നു പറയുന്ന മുഖ്യമന്ത്രി, കെഎസ്ഇബി തള്ളിയ ജിഎന്‍എ ഓഫര്‍ കണ്ണടച്ച് സ്വീകരിച്ചത് ഏത് മാനദണ്ഡപ്രകാരമാണ്? കൃത്രിമമായി വൈദ്യുതി പ്രതിസന്ധിയുടെ ഭീതി സൃഷ്ടിച്ച് പൊതുപണം കൊള്ളയടിക്കാനുള്ളതാണ് ഈ ഇടപാടെന്ന സംശയം ബലപ്പെടുത്തുന്നതാണ് മുഖ്യമന്ത്രിയുടെ വിശദീകരണമെന്നും, മുഖ്യമന്ത്രി പറയുന്നതാണ് ശരിയെങ്കില്‍ ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ ഫയലുകളും പൊതുജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുവെക്കണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു.