'തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ സമരം ചെയ്യുമ്പോൾ SFIക്ക് പൊള്ളുന്നതെന്തിന്?': വിമർശനവുമായി മന്ത്രി റോജി എം. ജോൺ

 

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലുണ്ടായ എസ്.എഫ്.ഐ - യൂത്ത് കോൺഗ്രസ് സംഘർഷത്തിൽ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. തലസ്ഥാനത്തേത് വളരെ ദൗർഭാഗ്യകരവും വിചിത്രവുമായ സംഭവമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ സമരം ചെയ്യുമ്പോൾ എസ്.എഫ്.ഐക്ക് എന്തിനാണ് പൊള്ളുന്നതെന്നും ചോദിച്ചു.

ബി.ജെ.പിയോടുള്ള വിധേയത്വം തെളിയിക്കാനാണോ എസ്.എഫ്.ഐ ആക്രമണമെന്ന് സംശയമുണ്ടെന്ന് മന്ത്രി കുറ്റപ്പെടുത്തി. കോളേജ് ഹോസ്റ്റലിൽ നിന്ന് മദ്യക്കുപ്പിയും കല്ലും എടുത്ത് സമരങ്ങൾക്ക് നേരെ എറിയുന്നത് ഗുരുതര വിഷയമാണെന്നും ലഹരിപദാർത്ഥങ്ങൾ ഹോസ്റ്റലിൽ എത്തുന്നത് ഉന്നത വിദ്യാഭ്യാസ വകുപ്പ് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതോടൊപ്പം, മന്ത്രിമാർക്കെതിരെ കരിങ്കൊടി കാണിക്കുന്നത് ജനാധിപത്യത്തിൽ സ്വാഭാവികമാണെങ്കിലും വാഹനങ്ങൾ ആക്രമിക്കുന്നതും ദേശീയ പതാക തകർക്കാൻ ശ്രമിക്കുന്നതും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യു.ഡി.എഫിലെ ഏകോപനമില്ലായ്മയെക്കുറിച്ചുള്ള അടൂർ പ്രകാശിന്റെ പരാമർശത്തിൽ മുന്നണി നേതാക്കൾ കൃത്യമായ മറുപടി നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.