കാട്ടാന ആക്രമണം: മരിച്ച രാജുവിന്റെ കുടുംബത്തിന് 14 ലക്ഷം നഷ്ടപരിഹാരം; അടിയന്തര ധനസഹായം ഇന്ന് കൈമാറും
വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ട വെള്ളാഞ്ചേരി സ്വദേശി രാജുവിന്റെ കുടുംബത്തിന് 14 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. അടിയന്തര ധനസഹായമായി 5 ലക്ഷം രൂപ ഇന്ന് തന്നെ കൈമാറുമെന്ന് മാനന്തവാടി എം.എൽ.എ ഉഷ വിജയൻ അറിയിച്ചു. ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് ബാക്കി തുക നൽകുമെന്നും, കുടുംബത്തിലെ ആശ്രിതർക്ക് സ്ഥിരം സർക്കാർ ജോലി ലഭ്യമാക്കാൻ സർക്കാരിനോട് ശുപാർശ ചെയ്യുമെന്നും സർവകക്ഷി യോഗത്തിന് ശേഷം എം.എൽ.എ വ്യക്തമാക്കി. കാട്ടാനയാക്രമണത്തിന് പിന്നാലെ നാട്ടുകാരും സി.പി.എം പ്രവർത്തകരും നടത്തിയ ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഒത്തുതീർപ്പ് ചർച്ചയിലാണ് ധാരണയായത്.
വന്യജീവി ആക്രമണങ്ങളിൽ തുടർച്ചയായി മനുഷ്യജീവനുകൾ പൊലിയുന്ന സാഹചര്യത്തിൽ പ്രദേശത്ത് ഫെൻസിങ് ഉൾപ്പെടെയുള്ള പ്രതിരോധ നടപടികൾ അടിയന്തരമായി ഊർജിതമാക്കുമെന്നും എം.എൽ.എ ഉറപ്പുനൽകി. വനംവകുപ്പ് അധികൃതർ നൽകിയ കൃത്യമായ ഉറപ്പുകളുടെ പശ്ചാത്തലത്തിലാണ് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചത്.
ബുധനാഴ്ച രാവിലെ കാട്ടിക്കുളം വെള്ളാഞ്ചേരിയിലെ ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാനയെ വനംവകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം ചേർന്ന് കാടുകയറ്റാൻ ശ്രമിക്കുന്നതിനിടെയാണ് രാജു ആനയുടെ മുന്നിൽ പെട്ടത്. ആനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ രാജുവിനെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും, വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴി മരണപ്പെടുകയായിരുന്നു. ഒരു മാസത്തിനിടെ വയനാട്ടിൽ കാട്ടാനയാക്രമണത്തിൽ പൊലിയുന്ന രണ്ടാമത്തെ ജീവനാണിത്.