വന്യജീവി ആക്രമണം: നഷ്ടപരിഹാരം 21 ലക്ഷമാക്കും; കൃഷിനാശ നഷ്ടപരിഹാരം ഇരട്ടിയാക്കും;മന്ത്രി ഷിബു ബേബി ജോൺ

 

വന്യജീവി ആക്രമണത്തിൽ ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി ഷിബു ബേബി ജോൺ. വന്യജീവി സംഘർഷത്തിൽ ജീവൻ നഷ്ടപ്പെടുന്നവർക്കുള്ള നഷ്ടപരിഹാരം 14 ലക്ഷം രൂപയിൽ നിന്ന് 21 ലക്ഷം രൂപയായി ഉയർത്തുമെന്ന് മന്ത്രി അറിയിച്ചു. കൃഷിനാശത്തിനുള്ള നഷ്ടപരിഹാരവും ഇരട്ടിയാക്കും.

യുഡിഎഫ് പ്രകടനപത്രികയിൽ നഷ്ടപരിഹാരം 50 ശതമാനം വർധിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും നിലവിലെ സാഹചര്യം കണക്കിലെടുത്താണ് തുക 100 ശതമാനം വർധിപ്പിക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. 2015ലാണ് വന്യമൃഗ ആക്രമണവുമായി ബന്ധപ്പെട്ട നഷ്ടപരിഹാര തുക അവസാനമായി വർധിപ്പിച്ചത്.

കർഷകർക്ക് സർക്കാർ നൽകുന്ന നഷ്ടപരിഹാരം 'നക്കാപ്പിച്ച'യാണെന്ന തന്റെ മുൻ പരാമർശത്തിലും മന്ത്രി വിശദീകരണം നൽകി. നിലവിൽ ലഭിക്കുന്ന തുക അപര്യാപ്തമാണെന്ന അർത്ഥത്തിലാണ് അത്തരമൊരു പ്രയോഗം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. നഷ്ടപരിഹാരത്തിനായി കാത്തിരുന്ന് മടുത്ത് തുക വേണ്ടെന്ന് വെക്കേണ്ടിവരുന്ന കർഷകരുടെ വിവരങ്ങൾ തന്റെ മുന്നിലെത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

വന്യജീവി സംഘർഷം സങ്കീർണമായ വിഷയമാണെന്നും വിവിധ വകുപ്പുകളുടെ ഏകോപിത പ്രവർത്തനത്തിലൂടെ മാത്രമേ പ്രശ്‌നത്തിന് ഫലപ്രദമായ പരിഹാരം കാണാനാകൂവെന്നും മന്ത്രി പറഞ്ഞു. വന്യമൃഗങ്ങളെ വനത്തിനുള്ളിൽ തന്നെ നിലനിർത്തുന്നതിനുള്ള പ്രായോഗിക നടപടികൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.