ആറ്റുകാലിൽ യുവതി ഭർതൃവീട്ടിൽ ജീവനൊടുക്കിയ സംഭവം; വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു

 

തിരുവനന്തപുരം ആറ്റുകാലിൽ യുവതിയെ ഭർതൃവീട്ടിൽ ജീവനൊടുക്കിയ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷൻ. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കേരള പൊലീസിനോട് ആവശ്യപ്പെട്ടതായി വനിത കമ്മീഷൻ അധ്യക്ഷ പി.സതീദേവി അറിയിച്ചു. ഇന്ന് രാവിലെയാണ് ആറ്റുകാൽ സ്വദേശിനിയായ ആരതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഭർത്താവിന്റെ ക്രൂരമായ ഗാർഹിക പീഡനമാണ് യുവതിയുടെ മരണത്തിലേക്ക് നയിച്ചതെന്ന കുടുംബത്തിന്റെ ആരോപണത്തിന് പിന്നാലെയാണ് വനിതാ കമ്മീഷന്റെ ഇടപെടൽ.ഒന്നര വർഷം മുൻപായിരുന്നു ആരതിയുടെയും അതുലിന്റെയും വിവാഹം. ഇരുവരും തമ്മിൽ നിരന്തരം വഴക്കുണ്ടായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു.വിവാഹസമയത്ത് നൽകിയിരുന്ന 50 പവൻ സ്വർണം അതുൽ വിവിധ ഘട്ടങ്ങളിലായി പണയം വെക്കുകയും പിന്നീട് എട്ട് ലക്ഷം രൂപയ്ക്ക് വിറ്റ് കാർ വാങ്ങുകയും ചെയ്തതായി കുടുംബം ആരോപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കങ്ങളും പിന്നീട് പണം ആവശ്യപ്പെട്ടുള്ള മാനസിക-ശാരീരിക പീഡനവും പതിവായിരുന്നുവെന്നും കുടുംബം പറയുന്നു.

മരണത്തിന് തൊട്ടുമുമ്പ്, ഭർത്താവ് മർദിച്ചതിന്റെ ചിത്രങ്ങൾ ആരതി തന്റെ അമ്മക്ക് വാട്സ്ആപ്പിൽ അയച്ചുകൊടുത്തിരുന്നു. ഈ തെളിവുകൾ പൊലീസ് അന്വേഷണത്തിൽ നിർണായകമായേക്കുമെന്നാണ് വിവരം. ഗാർഹിക പീഡനം, ആത്മഹത്യാ പ്രേരണം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.സംഭവത്തിൽ ആരതിയുടെ ഭർത്താവ് അതുലിനെ ഫോർട്ട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.