നെയ്യാറ്റിൻകരയിലെ യുവതിയുടെ ആത്മഹത്യ; കൗൺസിലർ ജോസ് ഫ്രാങ്ക്‌ളിനെ സസ്‌പെൻഡ് ചെയ്തു.

 

നെയ്യാറ്റിൻകരയിൽ യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദത്തിൽ കൗൺസിലർ ജോസ് ഫ്രാങ്ക്‌ളിനെ കോൺഗ്രസ് പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്തു. ആരോപണങ്ങളുടെ ഗൗരവം പരിഗണിച്ചാണ് നടപടി സ്വീകരിച്ചതെന്ന് പാർട്ടി പ്രസിഡൻറ് സണ്ണി ജോസഫ് എംഎൽഎ അറിയിച്ചു. തിരുവനന്തപുരം ഡിസിസി ജനറൽ സെക്രട്ടറിയും നെയ്യാറ്റിൻകര നഗരസഭാ കൗൺസിലറുമാണ് ജോസ് ഫ്രാങ്കിളിൻ

നെയ്യാറ്റിൻകരയിൽ ആത്മഹത്യ ചെയ്ത വീട്ടമ്മയുടെ ആത്മഹത്യകുറിപ്പിൽ ജോസ് ഫ്രാങ്കിളിനെതിരെ ഗുരുതര ആരോപണങ്ങൾ ഉണ്ടായിരുന്നു. വായ്പ ശരിയാക്കാൻ തനിക്ക് വഴങ്ങണമെന്ന് നിരവധി വട്ടം ആവശ്യപ്പെട്ടെന്നാണ് ആരോപണം. കേസിൽ പ്രതി ചേർക്കപ്പെട്ട ജോസ് ഫ്രാങ്ക്‌ളിന് ഇന്നലെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.

ഈ കഴിഞ്ഞ എട്ടാം തീയതിയാണ് നെയ്യാറ്റിൻകര സ്വദേശിയായ വീട്ടമ്മ ഗ്യാസ് പൊട്ടിത്തെറിച്ച് മരിച്ചത്. ആദ്യം അപകടമരണമെന്ന് കരുതിയെങ്കിലും, ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതോടെ ആത്മഹത്യ എന്ന് സ്ഥിരീകരിക്കുകയായിരുന്നു. മക്കൾക്ക് എഴുതിയ നാല് പേജുള്ള ആത്മഹത്യാക്കുറിപ്പാണ് ഇപ്പോൾ പുറത്ത് വന്നത്. നാല് മാസം മുൻപ് ആരംഭിച്ച ബേക്കറിക്ക് വായ്പ ശരിയാക്കി തരാം എന്നുപറഞ്ഞ് ജോസ് ഫ്രാങ്ക്‌ളിൻ തന്നെ ഓഫീസിലേക്ക് വിളിച്ചു വരുത്തി ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് ആത്മഹത്യാക്കുറിപ്പിലെ പ്രധാന ആരോപണം. വായ്പ നൽകണമെങ്കിൽ തനിക്ക് വഴങ്ങണമെന്നാവശ്യപ്പെട്ട് ജോസ് നിരന്തരം കടയിലെത്തി ശല്യപ്പെടുത്തിയിരുന്നെന്നും കുറിപ്പിലുണ്ട്.

ഭർത്താവില്ല എന്നുകരുതി ഇങ്ങനെയൊക്കെ ചെയ്യാമോ, എനിക്കിങ്ങനെ വൃത്തികെട്ട് ജീവിക്കണ്ട. അവൻ എന്നെ ജീവിക്കാൻ സമ്മതിക്കില്ല, ഞാൻ പോകുന്നു എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്. വീട്ടമ്മയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ജോസ് ഫ്രാങ്ക്‌ളിനെതിരെ ആത്മഹത്യാ പ്രേരണയും ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഒളിവിൽ പോയിരുന്ന ഫ്രാങ്ക്‌ളിന് തിരുവനന്തപുരം സെഷൻസ് കോടതി കഴിഞ്ഞ ദിവസം മുൻകൂർ ജാമ്യം അനുവദിച്ചു.അതേസമയം, വീട്ടമ്മയുടെ മകൻ ജീവന് ഭീഷണിയുണ്ടെന്ന് ആരോപിച്ച് പൊലീസിൽ പ്രത്യേകം പരാതി നൽകിയിട്ടുണ്ട്.