അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ച കുഞ്ഞിനെ തിരികെ വേണമെന്നാവശ്യവുമായി യുവതി
കോഴിക്കോട് അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ച തന്റെ കുഞ്ഞിനെ തിരികെ ലഭിക്കണന്നാവശ്യവുമായി യുവതി. കോഴിക്കോട് ബീച്ച് ആശുപത്രിയിലെ സംസ്ഥാന ശിശുക്ഷേമ സമിതി നിയന്ത്രിക്കുന്ന അമ്മത്തൊട്ടിലിലാണ് പ്രസവിച്ച് എട്ട് ദിവസം പ്രായമായ ആൺകുഞ്ഞിനെ യുവതി ഉപേക്ഷിച്ചത്. കുട്ടി ഇപ്പോൾ അമ്മത്തൊട്ടിലിന്‍റെ സംരക്ഷണത്തിലാണ് ഉള്ളത്.കുട്ടിക്ക് ആരോഗ്യ പ്രവർത്തകർ ആരവ് എന്ന് പേരിട്ടിരുന്നു.
വിവാഹിതയായിരുന്ന യുവതി ആൺസുഹൃത്തിൽ നിന്നാണ് ഗർഭിണിയായത്. പിന്നീട് ഇയാൾ ബന്ധം അവസാനിപ്പിക്കുകയായിരുന്നു. മാനസികമായി തളർന്ന യുവതി ആത്മഹത്യയുടെ വക്കിലെത്തിയപ്പോഴാണ് കുട്ടിയെ അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ചതെന്ന് പറയുന്നു.എന്നാൽ ഇപ്പോൾ കുഞ്ഞിനെ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് യുവതി കോഴിക്കോട് കലക്ടറേറ്റിലും ബന്ധപ്പെട്ട ഓഫീസുകളും സമീപിക്കുകയായിരുന്നു
ഉപേക്ഷിച്ച് 60 ദിവസത്തിനകം കുട്ടിയെ തിരികെ നൽകുന്നതിന് തടസമില്ലെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ, കുട്ടി യുവതിയുടേതു തന്നെയാണെന്നു സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധന വരെ നടത്തണം. കുട്ടിയെ വളർത്താനുള്ള സാഹചര്യം അമ്മയ്ക്കുണ്ടോ എന്ന് പൊലീസ് പരിശോധിച്ച ശേഷമേ കുഞ്ഞിനെ വിട്ടു നൽകൂ എന്നും അധികൃതർ അറിയിച്ചു