പേരാമ്പ്രയിൽ കാർ കത്തി യുവതി മരിച്ച സംഭവം; ആത്മഹത്യ സാധ്യത തള്ളാതെ പൊലീസ്
കോഴിക്കോട് പേരാമ്പ്രയിൽ കാർ കത്തി യുവതി മരിച്ച സംഭവത്തിൽ ആത്മഹത്യ സാധ്യത തള്ളാതെ പൊലീസ്.കാർ കത്തിയതിൽ സോനയുടെ ഭർത്താവ് രജിൻലാലിന് പങ്കില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ പൊലീസിന് മനസിലായത്. രജിനുമായുള്ള വാക്കുതർക്കത്തെ തുടർന്ന് മനംനൊന്ത് സോന ആത്മഹത്യ ചെയ്തിരിക്കാമെന്നാണ് പൊലീസ് കരുതുന്നത്.
സംഭവത്തിന് മുമ്പ് സോന സഹോദരിയോട് താൻ അനുഭവിച്ച മാനസിക പീഡനങ്ങളെ കുറിച്ച് പറഞ്ഞിരുന്നതായി റിപ്പോർട്ടുണ്ട്. സംഭവദിവസം സഹോദരിയോടൊപ്പം പേരാമ്പ്രയിലെത്തി കന്നാസിൽ നിന്ന് പെട്രോൾ വാങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്.വെള്ളിയാഴ്ച്ച രാത്രി 9 മണിയോടെ ബന്ധുവീട്ടിൽ നിന്ന് രജിൻലാലിനൊപ്പം വീട്ടിലേക്ക് പോകുന്നവഴി കയ്യിൽ കരുതിയിരുന്ന പെട്രോളിൽ സോന തീയിട്ടതാകാമെന്ന നിഗമത്തിലാണ് പൊലീസ്. കാർ കത്തിയത് ഷോർട് സർട്ട്ക്യൂട്ട് മൂലമല്ലെന്നു കണ്ടെത്തിയതിനു പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണു പെട്രോൾ വാങ്ങിയ വിവരം വ്യക്തമായത്. 60 ശതമാനം പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന രജിൻലാലിന്റെ മൊഴിയിലും കാറിനുള്ളിൽ പെട്രോളിന്റെ ഗന്ധം ഉണ്ടായിരുന്നെന്നു പറയുന്നുണ്ട്.