നെയ്യാറ്റിൻകര ജില്ലാ ആശുപത്രിക്കെതിരെ പരാതിയുമായി യുവതി
തിരുവനന്തപുരം നെയ്യാറ്റിൻകര ജില്ലാ ആശുപത്രിക്കെതിരെ പരാതിയുമായി യുവതി.നെയ്യാറ്റിൻകര സ്വദേശി സജിതയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.പ്രവസ ശസ്ത്രക്രിയയ്ക്ക് ശേഷം കൃത്യമായ ചികിത്സ ഉറപ്പാക്കിയില്ലെന്നാണ് ആരോപണം. സഹിക്കാൻ വയ്യാത്ത വേദനയാണ് താൻ അനുഭവിച്ചതെന്നും വെള്ളം കുടിക്കാത്തതിനാലാണ് പഴുപ്പെന്ന് പറയുക മാത്രമാണ് ഡോക്ടർ ചെയ്തതെന്നും യുവതി ആരോപിച്ചു. പിന്നീട് സ്‌കാനിങിലാണ് ഇൻഫെക്ഷൻ കണ്ടെത്തിയതെന്നും കുടുംബം പറഞ്ഞു.
നിലവിൽ അണുബാധയെത്തുടർന്ന് കഴിഞ്ഞ ഒൻപത് ദിവസമാണ് സജിത എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ്. പഴുപ്പ് പൂർണമായി നീക്കണമെങ്കിൽ ശസ്ത്രക്രിയ ആവശ്യമെന്നും കുടുംബം പറയുന്നു. എന്നാൽ നെയ്യാറ്റിൻകര ആശുപത്രിയിലെ ഡോ. രേണുക ആരോപണങ്ങൾ നിഷേധിച്ചു.ഫെബ്രുവരി ആറിനാണ് സജിതയുടെ പ്രസവ ശസ്ത്രക്രിയ നടന്നത്. ഇതിനൊപ്പം പ്രസവം നിർത്തുന്ന പ്രൊസീജിയറും ചെയ്തിരുന്നു. ഇതിന് പിന്നാലെ സജിതയ്ക്ക് കടുത്ത പനിയും വയറുവേദനയും അനുഭവപ്പെട്ടു. വേദനയെക്കുറിച്ച് ഡിസ്ചാർജിന് മുമ്പ് തന്നെ ഡോക്ടർ രേണുകയോട് താൻ ഈ കാര്യം പറഞ്ഞിരുന്നതായും യുവതി പറഞ്ഞു