പ്രിയദർശിനിയിൽ സ്ത്രീകളുടെ വരുമാനം നോക്കില്ല; വ്യാജ പ്രചാരണത്തിൽ പരാതിയുമായി ഗതാഗതമന്ത്രി
കെ.എസ്.ആർ.ടി.സി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതിയായ 'പ്രിയദർശിനി'യുടെ ആനുകൂല്യം വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നൽകുകയെന്ന വ്യാജ പ്രചാരണത്തിനെതിരെ ഗതാഗത മന്ത്രി സി.പി. ജോണിന്റെ ഓഫീസ് പോലീസിൽ പരാതി നൽകി. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.പി. സാജുവാണ് ഡി.ജി.പി റവാഡ ചന്ദ്രശേഖറിന് പരാതി നൽകിയത്.
സർക്കാർ ഉദ്യോഗസ്ഥരെ സൗജന്യ യാത്രയിൽ നിന്ന് ഒഴിവാക്കി പ്രത്യേക പ്രിയദർശിനി കാർഡ് ഇറക്കുമെന്ന തരത്തിലായിരുന്നു വാട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം, ഫെയ്സ്ബുക്ക് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെ സന്ദേശങ്ങൾ പ്രചരിച്ചത്. വ്യാജ പ്രചരണം നടത്തുന്ന അക്കൗണ്ട് വിവരങ്ങൾ അടക്കം പോലീസിന് കൈമാറിയിട്ടുണ്ട്. സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ തെറ്റായ പ്രചാരണവും അശ്ലീല കമന്റുകളും നടത്തുന്നവർക്കെതിരെ ബി.എൻ.എസ് 353, 356, 336 എന്നീ വകുപ്പുകൾ പ്രകാരം നടപടിയെടുക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു.
അതേസമയം ഇത്തരം വ്യാജ പ്രചരണങ്ങളിൽ ജനങ്ങൾ വീഴരുതെന്നും, എല്ലാ വനിതകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര തുടരുമെന്നും ഗതാഗത മന്ത്രി സി.പി. ജോൺ വ്യക്തമാക്കി.