ഉദുമയിൽ നിർമാണത്തിലിരുന്ന സ്‌കൂൾ കെട്ടിടത്തിൽ നിന്ന് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

 

കാസർഗോഡ് ഉദുമയിൽ നിർമാണം പുരോഗമിക്കുന്ന സ്‌കൂൾ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് കാൽവഴുതി വീണ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാൾ കൂച്ച് ബിഹാർ സ്വദേശി രതികാന്ത വർമ്മന്റെ മകൻ ശ്യാംചരൺ ബർമാൻ (44) ആണ് മരിച്ചത്. ഉദുമ നാലാംവാതുക്കലിൽ നിർമാണം നടന്നുകൊണ്ടിരിക്കുന്ന ഉദുമ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ കെട്ടിടത്തിലാണ് അപകടം.

മൂന്നാം നിലയിൽ നിർമാണ ജോലിയിൽ ഏർപ്പെട്ടിരിക്കെയാണ് ശ്യാംചരൺ അബദ്ധത്തിൽ കാൽവഴുതി താഴേക്ക് വീണത്. വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ സഹപ്രവർത്തകരും നാട്ടുകാരും ചേർന്ന് ഉടൻ മംഗളൂരുവിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.