സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്ന് മുന്നറിയിപ്പ്

 

സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളത്തെ ദിവസവും തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകൾക്ക് പുറമെ തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ട് ബാധകമായിരിക്കും.

ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കൂടാതെ ഒക്ടോബർ 21 മുതൽ 23 വരെ ഇടിമിന്നലോട് കൂടിയ മഴയോടൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയേക്കാമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

പ്രധാന ജാഗ്രതാ നിർദ്ദേശങ്ങൾ:

  • കാർമേഘം കണ്ടുതുടങ്ങുന്ന സമയം മുതൽ തന്നെ ഇടിമിന്നലിനുള്ള മുൻകരുതലുകൾ സ്വീകരിക്കുക.
  • ഇടിമിന്നലിന്റെ ലക്ഷണം കണ്ടാൽ ഉടൻ സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറുക; തുറസായ സ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കുക.
  • ഇടിമിന്നലുള്ള സമയത്ത് ജനലുകളും വാതിലുകളും അടച്ചിടുകയും ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക.
  • വൈദ്യുതോപകരണങ്ങളുടെ കണക്ഷൻ വിച്ഛേദിക്കുക, മൊബൈൽ ഫോണുകൾ ഉപയോഗിക്കാമെങ്കിലും ടെലഫോൺ ഉപയോഗം ഒഴിവാക്കുക.
  • മരച്ചുവടുകളിൽ നിൽക്കുന്നതും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും കർശനമായി ഒഴിവാക്കുക.
  • ജലാശയങ്ങളിൽ കുളിക്കാനോ മീൻ പിടിക്കാനോ ഇറങ്ങരുത്; കാർമേഘങ്ങൾ കണ്ട് തുടങ്ങിയാൽ മത്സ്യബന്ധനവും ബോട്ടിങ്ങും നിർത്തി കരയിലേക്ക് മടങ്ങുക.