സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

 

സംസ്ഥാനത്ത് വേനൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ ആണ് ഇന്ന്  അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. നാളെ എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ശനിയാഴ്ച തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലുമാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മേയ് 13 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലും കാറ്റോടു കൂടിയ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്

അതേസമയം, ഈ ആഴ്ച അവസാനത്തോടെ കാലവർഷം എത്താനിടയുണ്ടെന്ന സൂചനയും കാലാവസ്ഥ വകുപ്പ് നൽകുന്നു. ഈ മാസം 16 ഓടെ തെക്കൻ ബംഗാൾ ഉൾക്കടലിന്റെ ചില ഭാഗങ്ങൾ, ആൻഡമാൻ കടൽ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിലേക്ക് കാലവർഷം എത്താൻ അനുകൂല സാഹചര്യമാണ് നിലവിലുള്ളതെന്നും കാലാവസ്ഥ മുന്നറിയിപ്പിൽ പറയുന്നു